മായിപ്പാടി: ഉളിയത്തടുക്ക-സീതാംഗോളി റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മഹിളാ മോര്‍ച്ച ശക്തമായ പ്രക്ഷോഭത്തിലേക്ക്. യാത്രക്കാരുടെ പ്രത്യേകിച്ച് ഗര്‍ഭിണികളുടെയും രോഗികളുടെയും നടുവൊടിക്കുന്ന റോഡിന്റെ അറ്റകുറ്റപണി ഉടന്‍ നടത്തണമെന്ന് മഹിളാ മോര്‍ച്ച മായിപ്പാടി കമ്മറ്റി ആവശ്യപ്പെട്ടു. കിന്‍ഫ്രക്കു സമീപവും മഞ്ചത്തടുക്കയും അപകടങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണ്.
കുറച്ചു ദിവസം മുമ്പ് ഈ റോഡില്‍ യാത്ര ചെയ്തതു മൂലം ഒരു ഗര്‍ഭിണി രക്തസ്രാവം മൂലം ആശുപത്രിയിലായ സംഭവമാണ് മഹിളാ മോര്‍ച്ചയെ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചത്. ഈ റോഡിന്റെ അറ്റകുറ്റപ്പണികളുടെ പേരില്‍ പൊതുമരാമത്ത് ഭരിക്കുന്ന പാര്‍ട്ടിയും കരാറുകാരനും ലക്ഷങ്ങളുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും ഈ റോഡിനോടുള്ള ഗവണ്മെന്റിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അവഗണന എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ സഹോദര സംഘടനകളുടെ സഹകരണത്തോടെ റോഡ് ഉപരോധമടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ല ജന.സെക്രട്ടറി സിന്ധു മനോരാജ് അറിയിച്ചു. കിന്‍ഫ്ര, എച്ച്എഎല്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ഏകവഴിയാണ് ഈ റോഡ്. യോഗത്തില്‍ വിജയലക്ഷ്മി സ്വാഗതവും, ശാരദ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: