കോഴിക്കോട്: ഗാന്ധിജിയുടെ അഹിംസ, അക്രമരാഹിത്യം, സഹനസമരം, സത്യസന്ധത, ലാളിത്യം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടപ്പെട്ടെങ്കിലും അദ്ദേഹത്തിലെ പത്രപ്രവര്‍ത്തകന്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന് ഡോ. എം.ജി.എസ്. നാരായണന്‍ അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗുരുവായൂരപ്പന്‍ കോളജുമായി സഹകരിച്ച് നടത്തിയ ‘ഗാന്ധിജി എന്ന പത്രപ്രവര്‍ത്തകന്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി കഴിവുറ്റ പത്രപ്രവര്‍ത്തകനായിരുന്നു. ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ഒപ്പീനീയന്‍ എന്ന പത്രവും ഇന്ത്യയിലെത്തിയ ശേഷം നവജീവന്‍, ഹരിജന്‍, യങ് ഇന്ത്യ എന്നിവയും നടത്തിയത്. ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി ഇന്ത്യയ്‌ക്ക് രാഷ്‌ട്രീയനേതൃത്വം നല്‍കുന്നതില്‍ ഗാന്ധിജിയുടെ പത്രപ്രവര്‍ത്തനം ഏറെ സഹായകമായി. പാശ്ചാത്യലോകം അംഗീകരിച്ചതോടെയാണ് നാം വിസ്മരിച്ച ഗാന്ധിജി ഇന്ത്യയില്‍ പുനര്‍ജനിച്ചതെന്നും എം.ജി.എസ്. പറഞ്ഞു.ഗാന്ധിജിയുടെ കാലത്തെ പത്രപ്രവര്‍ത്തനമൂല്യങ്ങള്‍ ഇന്ന് പുനരവതരിപ്പിക്കാനാവില്ലെങ്കിലും അദ്ദേഹം കാണിച്ച അദ്ഭുതപ്രവൃത്തികള്‍ നമ്മുടെ ഓര്‍മ്മയിലുണ്ടായിരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മലയാള മനോരമ അസി.എഡിറ്റര്‍ കെ.എഫ്. ജോര്‍ജ് പറഞ്ഞു. ഗുരുവായൂരപ്പന്‍ കോളെജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ.എം. മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ഗുരുവായൂരപ്പന്‍ കോളെജ് ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.എം.ഇ. ശോഭ, ഐ.ക്യു.എ.സി. കോ ഓര്‍ഡിനേറ്റര്‍ ഡോ.പി.കെ. പ്രഭ, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി തനൂജ രാഘവന്‍, ചരിത്രവിഭാഗം മേധാവി കെ. ശ്രീലത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: