കോഴിക്കോട്: അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിര്‍വ്വഹിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കോഴിക്കോട് ഏരിമല സ്വദേശി ഇ. ചന്ദ്രന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്റെ മകന് നിതിന്‍ ചന്ദ്രനെ പാലക്കാട് ബസ്സ്റ്റേഷനില് ബസ് കാത്തുനില്ക്കുമ്പോള് അകാരണമായി അറസ്റ്റ് ചെയ്തെന്നാണ് പരാതി. പോലീസുകാരന് സ്ത്രീയെ പിടിച്ചു തള്ളുന്നതു ചോദ്യം ചെയ്തതിനായിരുന്നു അറസ്റ്റ്. ലോക്കപ്പില്‍ ഭക്ഷണം നല്‍കുകയോ അറസ്റ്റുവിവരം വീട്ടുകാരെ അറിയിക്കുകയോ ചെയ്തില്ല.
കമ്മീഷന് പാലക്കാട് ജില്ലാ പോലീസ് മേധാവിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ബസ് കാത്തുനിന്ന യുവതിയുടെ ഭര്‍ത്താവ് പോലീസുകാരോട് തട്ടികയറിയപ്പോള് പരാതിക്കാരന്റെ മകന് ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റെന്ന് പോലീസ് മേധാവി വിശദീകരണത്തില്‍ പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യത്തിനല്ല അറസ്റ്റെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗമായിരുന്ന ആര്. നടരാജന് ഉത്തരവില്‍ പറഞ്ഞു. അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും ആര്. നടരാജന് ചൂണ്ടിക്കാണിച്ചു. ഇത്തരം നടപടിക്രമങ്ങള്‍ പോലീസ് കര്‍ശനമായി നടപ്പിലാക്കണമെന്നും ഇത്തരം ആരോപണങ്ങള്‍ക്ക് ഇടനല്കരുതെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി..
പ്രതികരിക്കാൻ ഇവിടെ എഴുതുക: