തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി ഉണ്ടായ രാഷ്‌ട്രീയ കാലാവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ് തിരുവനന്തപുരം നഗരസഭയിലെ ഇടതുവലതു മുന്നണികളിലെ നേതൃത്വം. മാസങ്ങള്‍ക്കു മുമ്പേ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നവരും സ്ഥാനാര്‍ഥി ആകാന്‍ മോഹിച്ചവരും മുന്നോട്ടുവച്ച കാല്‍ പിന്നോട്ടാക്കണമോയെന്ന് ചിന്തയിലാണ്.
എസ്എന്‍ഡിപി യോഗത്തിന്റെ അപ്രതീക്ഷിത കടന്നുവരവാണ് മുന്നണികളെ വെട്ടിലാക്കിയത്. ബിജെപി നേട്ടം കൊയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍പട്ടികയിലെ പേരുകള്‍ മാറ്റി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്കായി നെട്ടോട്ടത്തിലായി മുന്നണിനേതൃത്വം.
മേയര്‍ സ്ഥാനം ജനറലായതോടെ യുഡിഎഫിലും എല്‍ഡിഎഫിലും അഞ്ചോളം പേരുടെ പട്ടിക മേയര്‍സ്ഥാനത്തേക്കായി പരിഗണിച്ചിരുന്നു. കാലാവസ്ഥ വിപരീതമായതോടെ ഫലം പ്രഖ്യാപനം കഴിഞ്ഞിട്ടുമതി മേയര്‍ സ്ഥാനം എന്ന തരത്തിലേക്കു നീങ്ങുകയാണ് മുന്നണികള്‍. നിശ്ചയിച്ചുറപ്പിച്ചിരുന്നവര്‍ കടന്നുകൂടമോ എന്ന ഭയമാണ് ഇടതുവലതു മുന്നണികളെ ഇത്തരത്തില്‍ ചന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
രാഷ്‌ട്രീയ കാലാവസ്ഥമാറിയതോടെ അവസരം മുതലെടുത്ത് ചെറുകക്ഷികളുടെ തള്ളിക്കയറ്റവും തുടങ്ങിയിട്ടുണ്ട്. ഇതോടെ മുന്നണയിലെ പ്രധാനകക്ഷിയുടെ വല്യേട്ടന്‍ മനോഭാവത്തിനു മാറ്റംവന്നു. ഇക്കുറി സീറ്റിനു വേണ്ടി ചെറുകക്ഷികള്‍ക്ക് അധികം യാചിക്കേണ്ടി വരില്ലെന്ന തരത്തിലാണ് സീറ്റ് ചര്‍ച്ചകള്‍.
തിരുവനന്തപുരം നഗരസഭയിലെ ഒട്ടു മിക്ക വാര്‍ഡിലും എസ്എന്‍ഡിപി യോഗത്തിന് നിര്‍ണായക സ്വാധീനമുണ്ട്. പ്രത്യേകിച്ചും നഗരസഭയോട് ചേര്‍ക്കപ്പെട്ട കഴക്കൂട്ടം നേമം പഞ്ചായത്തുകളില്‍. ഈ പഞ്ചായത്തുകളില്‍ നിന്ന് ജയിച്ചുവരുന്നവരാണ് മേയര്‍ ആരാകണം എന്ന് തീരുമാനിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ അതാതിടങ്ങളിലെ പ്രാദേശിക യോഗ നേതൃത്വത്തന്റെ മനസ്സറിയാന്‍ വീടുകള്‍ തോറും കയറി ഇറങ്ങുന്നുണ്ട്. അവര്‍ക്കുകൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്താം എന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നു.
എല്‍ഡിഎഫ് 51, യുഡിഎഫ് 42, ബിജെപി 6, സ്വതന്ത്രന്‍1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. രണ്ടു സ്വതന്ത്രന്മാരായിരുന്നു കൗണ്‍സില്‍ ഭരണസമിതിയുടെ ആദ്യഘട്ടത്തില്‍ ഒരാള്‍ അവസാനംവരെ സ്വതന്ത്രനായപ്പോള്‍ മറ്റൊരാള്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുകയായിരുന്നു. സിപിഎമ്മിന്റെ റിബലായി ശ്രീകാര്യത്തു നിന്നു ജയിച്ചുവന്നയാളാണ് സ്വതന്ത്രനായ വിജയകുമാര്‍.
കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയ മാണിക്യവിളാകം വാര്‍ഡിലെ സുരേഷ് ബിജെപി പിന്തുണയോടെയായിരുന്നു ജയിച്ചത്.
തെരഞ്ഞെടുപ്പിനും മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയുടെ പ്രവര്‍ത്തനം ബൂത്ത് അടിസ്ഥാനത്തില്‍ തുടങ്ങിയിരുന്നു. സംവരണവാര്‍ഡുകള്‍ മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പായിരുന്നു ബിജെപി നടത്തിയിരുന്നത്.
അപ്പോഴെല്ലാം ബിജെപിയെ കളിയാക്കിയിരുന്ന മുന്നണി നേതാക്കള്‍ നിലവിലെ രാഷ്‌ട്രീയ കാലാവസ്ഥയില്‍ വട്ടം കറങ്ങുന്നുണ്ട്.
ഇടതു വലതു മുന്നണികളില്‍ സീറ്റ് ഏതാണ്ട് ഉറപ്പിച്ചിരുന്നവര്‍ മാത്രമായിരുന്നു നേരത്തെ ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നത്. ഇവരെ വച്ച് കളത്തിലിറങ്ങിയാല്‍ ഫലം വിപരീതമാകുമെന്ന വെളിപാടിലേക്ക് മാറിയിട്ടുണ്ട് മുന്നണി നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: