ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ബലാബലത്തില്‍ തുല്യം. കുതിച്ചുയരാന്‍ ബിജെപി.
മതന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് ബലാബലത്തില്‍ മുന്നിലെത്താനുള്ള മത്സരമാണ് ഇത്തവണ യുഡിഎഫ്. എല്‍ഡിഎഫ് മുന്നണികള്‍ തമ്മില്‍ നടക്കുന്നത്. ഇതില്‍ ആരു വിജയിക്കുമെന്നതായിരിക്കും തൊരഞ്ഞെടുപ്പിന്റെ ഫലത്തെ സാരമായി ബാധിക്കുക. ബിജെപി നേതൃത്വത്തിലുള്ള മൂന്നാം മുന്നണി ഇത്തവണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ അട്ടിമറി വിജയങ്ങള്‍ നേടി അത്ഭുതം കാണിക്കാനുള്ള സാദ്ധ്യതയേറെയാണ്.
കൂടാതെ എസ്എന്‍ഡിപിയുടെ മത്സര രംഗത്തേക്കുള്ള കടന്നുവരവും, വിവിധ സമുദായങ്ങളുടെ ഐക്യനിരയും ഇടതുവലതു മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. അതിനാല്‍ തന്നെ 2010ലെ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ ഇത്തവണ അപ്രസക്തമാകാനാണ് സാദ്ധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 80.22% പോളിങാണ് നടന്നത്. ഇടതു കോട്ടകള്‍ പലതും തകര്‍ത്ത് യുഡിഎഫ് അപ്രതീക്ഷ നേട്ടമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്.
15,72,054 വോട്ടര്‍മാര്‍ ആയിരുന്നു അത്തവണ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. ഇത്തവണ ഏതാണ്ട് 70,000 പുതിയ വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കാനെത്തും. ഇവരുടെ നിലപാടുകളും നിര്‍ണായകമാകും.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികള്‍ക്ക് ലഭിച്ച വോട്ടിന്റെ ശരാശരിയില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. സിപിഎം, സിപിഐ, ജനതാദള്‍ എസ്, ആര്‍എസ്പി, എന്‍സിപി, കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, കോണ്‍ഗ്രസ് എസ് എന്നീ സഖ്യകക്ഷികള്‍ അണിനിരന്ന എല്‍ഡിഎഫിന് 44.65% ജനപിന്തുണയാണ് ലഭിച്ചത്.
കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് -എം, ജെഎസ്എസ്, സിഎംപി, മുസ്‌ലിം ലീഗ്, സോഷ്യലിസ്റ്റ് ജനതാദള്‍, കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് ജെ എന്നിവര്‍ അണിനിരന്ന യുഡിഎഫിന് 44.55% ജനപിന്തുണ ലഭിച്ചു.
ഇത്തവണ മുന്നണികളില്‍ വരെ കാര്യമായ പൊളിച്ചെഴുത്ത് നടന്നുകഴിഞ്ഞു. കഴിഞ്ഞ തവണ ഇടതുമുന്നണിയിലുണ്ടായിരുന്ന ആര്‍എസ്പി യുഡിഎഫിലേക്കു മാറുകയും യുഡിഎഫിലുണ്ടായിരുന്ന ജെഎസ്എസ്, സിഎംപി എന്നിവയുടെ ഓരോ വിഭാഗങ്ങളും കേരള കോണ്‍ഗ്രസ് ബിയും, കേരളാ കോണ്‍ഗ്രസ് സെക്യുലറും ഇടതു മുന്നണിക്കു പിന്തുണ നല്‍കുകയുമാണ്.
ബിജെപി ആകെ പോള്‍ ചെയ്തതിന്റെ 5.46% വോട്ട് ആണു നേടിയത്. നിലവില്‍ ഗ്രാമപഞ്ചായത്തായിരുന്ന ഹരിപ്പാട് നഗരസഭയായതോടെ ശേഷിക്കുന്ന 72 ഗ്രാമപഞ്ചായത്തുകളില്‍ ഇരു മുന്നണികളും 36 വീതം പഞ്ചായത്തുകളാണ് ഭരിക്കുന്നത്.
ബ്‌ളോക്ക് പഞ്ചായത്തുകളില്‍ നേരിയ മുന്‍തൂക്കം യുഡിഎഫിനായിരുന്നു. ഏഴിടത്ത് യുഡിഎഫിന് അധികാരം ലഭിച്ചപ്പോള്‍, എല്‍ഡിഎഫിന് അഞ്ചിടത്ത് ഭരണം നേടാനേ കഴിഞ്ഞുള്ളു. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 23 ഡിവിഷനുകളില്‍ 14 ഇടത്തും എല്‍ഡിഎഫാണ് ജയിച്ചത്. അഞ്ചു നഗരസഭകളില്‍ കായംകുളം, ചെങ്ങന്നൂര്‍, ചേര്‍ത്തല എന്നിവടങ്ങളില്‍ യുഡിഎഫും. ആലപ്പുഴ, മാവേലിക്കര എന്നിവടങ്ങളില്‍ എല്‍ഡിഎഫുമാണ് ഭരണം നടത്തുന്നത്.ഇതില്‍ മാവേലിക്കരയില്‍ തുടക്കത്തില്‍ യുഡിഎഫാണ് ഭരിച്ചത്.
പിന്നീട് എല്‍ഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. മുന്‍ ചരിത്രങ്ങള്‍ അപ്രസക്തമാകുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേത്യത്വത്തിലുള്ള മുന്നണിയുടെ മുന്നേറ്റമായിരിക്കും ചര്‍ച്ച ചെയ്യപ്പെടുക. ചുരുങ്ങിയ കാലയളവിനുള്ളില്‍ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ആലപ്പുഴ ജില്ലയക്ക് സമ്മാനിച്ച വികസന നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. ഇത് മുന്‍തൂക്കം നല്‍കുമെന്ന ഉറച്ച പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.
















