കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമത്തിനിടെ ബഹളം. കൊളച്ചേരി പഞ്ചായത്തില്‍ നിന്നും എത്തിയ ലീഗ് പ്രവര്‍ത്തകരാണ് യോഗം തുടങ്ങിയപ്പോള്‍ പുറത്തു നിന്നും ബഹളം വച്ചത്. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഗമം. കൊളച്ചേരി പഞ്ചായത്തിലെ മൂന്നു കടവുകളില്‍ ഏഴു മാസമായി തുടരുന്ന മണല്‍ വാരല്‍ നിയന്ത്രണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരാണ് പ്രതിഷേധവുമായി എത്തിയത്. ലീഗ് നേതൃത്വം വിഷയത്തില്‍ വേണ്ടത്ര ഗൗരവത്തോടെ ഇടപെടുന്നില്ലെന്നും മണല്‍ വാരല്‍ നിയന്ത്രണത്തില്‍ ഇളവു നല്കാന് സര്‍ക്കാര്‍ തയ്യാറാകാത്തത് ലീഗിന്റെ സമ്മര്ദ്ദകുറവു കാരണമാണെന്നുമായിരുന്നു പ്രവര്‍ത്തകരുടെ ആരോപണം. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങിയവര്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകര്‍ ബഹളം വച്ചത്. ഉടന്‍ നേതാക്കളായ വി.പി.വമ്പനും അന്‍സാരി തില്ലങ്കേരിയുമൊക്കെ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചു. ഇത് നേതാക്കളും അണികളും തമ്മിലുള്ള വാക്കേറ്റത്തിനുമിടയാക്കി. പ്രശ്നം മന്ത്രി കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പെടുത്താമെന്ന് നേതാക്കള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ അല്പം ശാന്തമായത്. കഴിഞ്ഞ ദിവസം കൊളച്ചേരിയില്‍ വച്ച് കെ.പി.എ. മജീദുമായി വിഷയം പ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: