കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡയലിസിസ് യൂണിറ്റുകളുടെ എണ്ണം എട്ടായി. ജനറല്‍ ആശുപത്രിയില്‍ പടിഞ്ഞാറു വശത്തു നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 2013 ല്‍ എന്‍.ആര്.എച്ച്.എം. ഫണ്ട് ഉപയോഗിച്ചാണ് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിനായി കെട്ടിടം പണിതത്. ഇത് വരെ ആറു ഡയാലിസിസ് യൂണിറ്റുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ജില്ലാ ഭരണകൂടം സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് നല്കിയ 2 ഡയാലിസിസ് യൂണിറ്റുകള്‍ കൂടി വന്നതോടെ എട്ട് യൂണിറ്റുകളാണ് നിലവില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. 11 ലക്ഷം ഉപയോഗിച്ചാണ് ജില്ലാ ഭരണകൂടം രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ വാങ്ങിയത്. 3 ലക്ഷം രൂപ ഉപയോഗിച്ച് ഇതിന്റെ അനുബന്ധ ഉപകരണങ്ങള്‍ ഉടന്‍ എത്തിക്കും. നിലവില്‍ 32 വൃക്ക രോഗികളാണ് പൂര്‍ണ്ണമായും സൗജന്യമായി ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത് വരുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള കമ്മറ്റിയാണ് ഡയാലിസിസ് ചെയ്യാനുള്ള രോഗികളെ തെരഞ്ഞെടുക്കുന്നത്. നിലവില്‍ ദിനംപ്രതി 2 ഷിഫ്റ്റുകളിലായാണ് ഡയാലിസിസ് ചെയ്യുന്നത്. ഒരു രോഗിക്ക് ഡയാലിസിസ് ചെയ്യാന്‍ 6 മണിക്കൂറോളം സമയം വേണം. 3 ടെക്നീഷ്യന്‍സ്, 3 സ്റ്റാഫ് നേഴ്സുമാണ് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. യൂണിറ്റിനോട് ചേര്‍ന്ന് ഡയാലിസിസിന് ആവശ്യമായ വെള്ളം ശുചീകരിക്കുന്നതിനുള്ള ആര്.ഒ പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്. ഒരു രോഗിക്ക് ഒരു തവണ ഡയാലിസിസ് ചെയ്യാന്‍ 120 ലിറ്ററോളം വെള്ളം ആവശ്യമാണ്. സ്വകാര്യ ലാബുകളില്‍ ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിന് 1500 ഓളം രൂപയാണ് ഈടാക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം രോഗികളും മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയാണ് ഡയാലിസിസിന് വേണ്ടി ആശ്രയിച്ച് വന്നിരുന്നത്. ജനറല്‍ ആശുപത്രിയില്‍ 2 ഡയാലിസിസ് യൂണിറ്റുകള്‍ കൂടി എത്തിയതോടെ നിര്‍ധനരായ നിരവധി രോഗികള്‍ക്കാണ് ആശ്വാസമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: