തലശ്ശേരി: സമാധാനം നിലനില്‍ക്കുന്ന തലശ്ശേരിയില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുന്നതായി ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി യോഗം ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം രാത്രി കോടിയേരി ഓണിയന്‍ സ്കൂളിനടുത്തു രാമന്കണ്ടിയില് ലീലയുടെ വീടിന് നേരെ ബോംബെറിഞ്ഞതും ലീലക്ക് പരിക്കേറ്റതുമായ സംഭവമുണ്ടായത്. വീടിന്റെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ ലീലയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. ലീലയുടെ മകന് ലിജിന്‍ സ്ഥലത്തെ ശാഖാ മുഖ്യശിക്ഷക് ആണ്. നേരത്തെയും ലിജിനിനെ ബോംബേറിയുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
കോടിയേരിയിലെ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ അഖിലിന്റെ നേതൃത്വത്തിലാണ് ബോംബേറും അക്രമവും നടത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലശ്ശേരിയിലെയും പരിസരങ്ങളിലെയും സംഘപരിവാര്‍ സംഘടനകളുടെ കൊടികളും ബാനറുകളും വ്യാപകമായി നശിപ്പിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇല്ലാത്തതിനാലാണ് ഇപ്പോള്‍ ബോംബും മാരകായുധങ്ങളുമായി വീടുകള്‍ക്കും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും നേരെ അക്രമത്തിന് മുതിരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്വയംപ്രതിരോധിക്കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ.എന്‍.മോഹനന്, എം.പി.സുമേഷ്, ടി.യു.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: