തലവടി: സ്വയംസഹായ സംഘങ്ങളുടെ ലക്ഷ്യം ദേസീയ വികാരം സൃഷ്ടിക്കലാകണമെന്ന് സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കെ. കരുണാകരന്‍. ചക്കുളത്തുകാവില്‍ കഴിഞ്ഞദിവസം നടന്ന അക്ഷയശ്രീ സുസ്ഥിര വികസന മിഷന്റെ ജില്ലാ ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവില്‍ നടക്കുന്ന സ്വയംസഹായ സംഘങ്ങള്‍, മതസംഘടനകള്‍, മതങ്ങള്‍, ഇടതു- വലതു മുന്നണികള്‍ കടയ്യടക്കിക്കഴിഞ്ഞു.
വാജ്‌പേയിയുടെ ഭരണകാലത്ത് നടപ്പാക്കിയ കുടുംബശ്രീയെ സിപിഎം രാഷ്‌ട്രീയവത്കരിച്ചപ്പോള്‍ ജനശ്രീ എന്നപേരില്‍ കോണ്‍ഗ്രസും സ്വയംസഹായസംഘങ്ങള്‍ രൂപീകരിച്ചു. ഇത് സാമൂഹ്യവും ദേശീയവുമായ ദൗത്യങ്ങളെ മാറ്റിനിര്‍ത്തി ലാഭംമാത്രം നേടുക എന്ന ലക്ഷ്യമാണ് ജനങ്ങളില്‍ഉണ്ടാക്കിയത്. എന്നാല്‍ അക്ഷയശ്രീ മിഷന്റെ ലക്ഷ്യം ഓരോ പൗരനെയും ദേശീയ വികാരമുള്ളവരാക്കി ദേശീയമായ ദൗത്യം നിര്‍വ്വഹിക്കാന്‍ പ്രാപ്തരാക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വതന്ത്രഭാരതത്തില്‍ ഗ്രാമങ്ങളുടെ വികസനമായിരുന്നു ഗാന്ധിജി ഗ്രാമസ്വാജിലൂടെ ലക്ഷ്യമിട്ടത്.
എന്നാല്‍ പ്രധാനമന്ത്രിപദത്തിലെത്തിയ നെഹ്‌റു ഗാന്ധിജിയുടെ ആശയത്തെ അട്ടിമറിക്കുകയായിരുന്നു. എന്നാല്‍ ദേശീയ ബോധം ലക്ഷ്യമിട്ട് അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ ഇത് പ്രാവര്‍ത്തികമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക നവോത്ഥാനം ലക്ഷ്യമിട്ടുള്ള സാമ്പത്തിക രംഗമാണ് ഇന്ന് ഉണ്ടാവേണ്ടത്.
എന്നാല്‍ കേരളം ഭരിച്ചുവന്ന ഇടതു- വലതു മുന്നണികള്‍ മലയാളികളെ കേരളത്തിനു ചുറ്റുമുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കാനാണ് പഠിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാവിലെ 10ന് ചക്കുളത്തുകാവ് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ആയിരത്തോളം അക്ഷയശ്രീ സുസ്ഥിരമിഷന്‍ പ്രവര്‍ത്തകര്‍ ശില്പശാലയില്‍ പങ്കെടുത്തു.
അടുക്കുളത്തോട്ടവും ജൈവ പച്ചക്കറി കൃഷിയും എന്ന വിഷയത്തില്‍ ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.കെ. രാജ്‌മോഹനും പ്രധാനമന്ത്രിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്ന വിഷയത്തില്‍ കെ. അശോകും മുദ്രാ യോജനാ പദ്ധതിയുടെ വായ്‌പാ ബോധവത്കരണവും പ്രോജക്ട് പ്രസന്റേഷനും മേക്ക് ഇന്‍ കേരള ടീം അംഗങ്ങളും ക്ലാസുകള്‍ നയിച്ചു.
സോപ്പ്, സോപ്പുപൊടി, ലിക്വിഡ് വാഷ് എന്നിവയുടെ നിര്‍മ്മാണവും പരിശീലിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. പ്രദീപ്‌സ്വാഗതവും ജില്ലാ സംഘടനാ സെക്രട്ടറി ബിജു തലവടി നന്ദിയും പറഞ്ഞു.
















