വി.എം പ്രവീണ്‍
കട്ടപ്പന: പുറ്റടി സ്പൈസസ് പാര്ക്കിന് സമീപം 10 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് പാഷന് ഫ്രൂട്ട് കൃഷിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ തയ്യാറെടുക്കുകയാണ് കോതമംഗലം സ്വദേശികളായ 5 കര്‍ഷകര്‍. നാണ്യ വിളകളുടെ വില തകര്‍ച്ചയും ഉദ്പാദനചിലവിലുണ്ടായ വര്‍ദ്ധനവുമാണ് അധികമാരും പരീക്ഷിക്കാന്‍ തയ്യാറാകാത്ത ഇത്തരം കൃഷികള്‍ ഏറ്റെടുത്ത് ചെയ്യാന്‍ തങ്ങള്‍ തയ്യാറായതെന്ന് കര്‍ഷകര്‍ പറയുന്നു. മുന്‍പ് സമൃദ്ധമായി തേയില കൃഷി നടത്തിയിരുന്ന സ്ഥലമാണ് തേയിലയുടെ വിലയിടിവ് മൂലം ഉടമ പാട്ടത്തിന് നല്‍കിയത്. മുന്തിരി കൃഷി നടത്തുന്നതുപോലെ ആദ്യം കരിങ്കല്‍ തൂണുകള്‍ നാട്ടി കമ്പി വലിച്ച് പന്തല്‍ കെട്ടി അതിലേക്ക് പാഷന് ഫ്രൂട്ട് തൈകള്‍ കയറ്റി വിടുകയാണ്. പ്രധാനമായും ബ്രസീലിയന്‍ ഇനങ്ങളായ മഞ്ഞ,വൈലറ്റ് നിറങ്ങളിലുള്ള രണ്ടിനം പാഷന് ഫ്രൂട്ടുകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഏകദേശം 5 മാസങ്ങള്‍ക്കകം വിളവെടുപ്പ് നടത്താമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പാഷന് ഫ്രൂട്ടിന്റെ വിവിധതരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക്് വിപണിയില്‍ എത്തിക്കുന്നതിനുള്ള ഒരു ഫാക്ടറി തുടങ്ങുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു. ഇടുക്കി ജില്ലയില്‍ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ നടത്തുന്ന പാഷന് ഫ്രൂട്ട് കൃഷി കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ് ഇവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: