ആലപ്പുഴ: മെച്ചപ്പെട്ട വിദ്യാഭ്യാസസൗകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളിലും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അമ്പലപ്പുഴ ഗവണ്‍മെന്റ് കോളജിന്റെ പുതിയ കെട്ടിടം നാടിനു സമര്‍പ്പിച്ച് പ്രസംഗിക്കുകയയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കോളജുകള്‍ ഇല്ലാതിരുന്ന 22 നിയോജക മണ്ഡലങ്ങളില്‍ പുതിയ കോളജുകള്‍ ആരംഭിച്ചതില്‍ ഏറിയ പങ്കും ഗ്രാമപ്രദേശങ്ങളിലാണ്. ഉന്നത വിദ്യാഭ്യാസത്തിനും ഉപരിപഠനത്തിനും കേരളത്തിനു പുറത്തേക്ക് വിദ്യാര്‍ഥികള്‍ ചേക്കേറുന്ന അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാകണം. ഇതിനായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായി സാധ്യതയുള്ള കോഴ്‌സുകള്‍ ആരംഭിക്കും. അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ മികച്ച വിജയം നേടാന്‍ കഴിവുള്ളവരാണ് നമ്മുടെ കുട്ടികളെന്നത് അമ്പലപ്പുഴ ഗവണ്‍മെന്റ് കോളജിലെ വിജയനിലവാരം തെളിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ തലമുറയ്‌ക്ക് സംരംഭകത്വവും തൊഴില്‍ നൈപുണ്യവും സാങ്കേതിക വിജ്ഞാനവും പ്രധാനംചെയ്യുന്ന കോഴ്‌സുകള്‍ക്ക് രൂപം നല്‍കുമെന്ന് ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച മന്ത്രി പി.കെ. അബ്ദു റബ്ബ് പറഞ്ഞു. പുതിയ കോഴ്‌സുകള്‍ അനുവദിക്കുമ്പോള്‍ അമ്പലപ്പുഴ ഗവണ്‍മെന്റ് കോളജിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറ കോഴ്‌സുകള്‍ അനുവദിച്ച് ഗവണ്‍മെന്റ് കോളജിന്റെ മികവിന്റെ കേന്ദ്രമാക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്ക് ഉദ്ഘാടനം ചെയ്ത കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. അമ്പലപ്പുഴയുടെ വികസന ചരിത്രത്തില്‍ ഗവണ്‍മെന്റ് കോളജിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് സ്വാഗതപ്രസംഗത്തില്‍ ജി. സുധാകരന്‍ എംഎല്‍എ പറഞ്ഞു. 12.20 കോടി രൂപ ചെലവിലാണ് ബഹുനില മന്ദിരം നിര്‍മിച്ചത്.
















