ന്യൂദല്‍ഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ വൈവിധ്യവും ആഴവുമാണ് എന്റെ അമേരിക്കന്‍ സന്ദര്‍ശനം തെളിയിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി കാര്യങ്ങളാണ് ചെയ്യാനായത്. അഞ്ചു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അനവധി പരിപാടികളില്‍ പങ്കെടുക്കാനാണ് എനിക്ക് അവസരം ലഭിച്ചത്. ഓരോപരിപാടിക്കും ക്രിയാത്മകമായ ഫലമാണ് ഉണ്ടായത്. ഇവ ഭാരതത്തിന് ഗുണം ചെയ്യും. മോദി തുടര്‍ന്നു.
ഊഷ്മളമായ സ്വീകരണത്തിനും ആതിഥേയത്വത്തിനും മോദി അമേരിക്കന്‍ ജനതയോട് നന്ദി പറഞ്ഞു. ആഗോള വിഷയങ്ങളില്‍ എനിക്കുള്ള അഭിപ്രായം ഞാന്‍ യുഎന്നില്‍ പറഞ്ഞു. ഭാരതവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഞാന്‍ പല ലോകനേതാക്കളെയും കാണുകയും ചെയ്തു. മോദി ട്വിറ്ററില്‍ കുറിച്ചു.
ഇന്നലെ രാവിലെയാണ് മോദി കെന്നഡി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ദല്‍ഹിക്ക് മടങ്ങിയത്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങിയശേഷമാണ് ദല്‍ഹിക്ക് തിരിച്ചത്.
നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഭീകരത, കാലാവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഒലാന്‍ഡേ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
















