ടെഹ്‌റാന്‍: ഹജ്ജിനിടെ മിനായിലുണ്ടായ ദുരന്തത്തില്‍ അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ഇറാന്‍. ദുരന്തം കഴിവില്ലായ്‌മയല്ല, ക്രിമിനല്‍ കുറ്റമെന്ന് ഇറാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഇബ്രാഹിം റെയ്‌സി. 24ന് മിനയിലുണ്ടായ തിക്കിലും ലതിരക്കിലുംപെട്ട് 769 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മരണസംഖ്യ ഉയരാമെന്ന് സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫലിഹ പറഞ്ഞു. 934 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ദുരന്തത്തില്‍ 136 ഇറാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു, 300 പേര്‍ക്ക് പരിക്കേറ്റു. രാജാവിന്റെ വാഹനവ്യൂഹത്തിന് സൗകര്യമൊരുക്കാന്‍ മിനായിലേക്കുള്ള ഒരു പാത അടച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് ഇറാന്റെ ആരോപണം. ഇത് സൗദി നിഷേധിച്ചു. അപകടത്തിനു ശേഷം സംഭവം കൈകാര്യം ചെയ്ത സൗദി ഭരണകൂടത്തിന്റെ രീതിയെയും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. റിയാദിലെ സൗദി എംബസി ഉദ്യോഗസ്ഥനെ മൂന്നാം തവണയും വിളിച്ചുവരുത്തി ഇറാന്‍ പ്രതിഷേധം അറിയിച്ചു.
അതിനിടെ, സൗദി സര്‍ക്കാരിന് പിന്തുണയുമായി രാജ്യത്തെ മുഖ്യ പുരോഹിതന്‍ ഷെയ്ഖ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ ഷെയ്ഖ് രംഗത്തെത്തി. കിരീടാവകാശി മുഹമ്മദ് ബിന്‍ നയേഫ് രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് അബ്ദുള്‍ അസീസ് നിലപാട് വ്യക്തമാക്കിയത്. സംഭവങ്ങളുടെ ഉത്തരവാദി സര്‍ക്കാരല്ലെന്നും, പരിമിതിക്കുള്ളില്‍നിന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനായെന്നും അദ്ദേഹം അവകാശപ്പെട്ടു.
















