ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര മുട്ടം ഭാരതിയില്‍ വീട്ടില്‍ സുരന്റെ ഭാര്യ ജലജ (51) യുടെ കൊലപാതകത്തില്‍ കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ സിബിഐക്ക് കൈമാറുന്നതിനുള്ള സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബിജെപി എംപി റിച്ചാര്‍ഡ്‌ഹേ പറഞ്ഞു.
ഇന്നലെ ജലജയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എംപി.നാളിതുവരെയും ആരെയും പിടികൂടാത്ത സാഹചര്യത്തില്‍ യാഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്നതിനായി കേസ് കേന്ദ്രഗവണ്‍മെന്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജലജയുടെ ഭര്‍ത്താവ് സുരന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നല്‍കുവാനുള്ള നിവേദനവും കൈമാറി. കൊലപാതകിയെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിക്കുകയും പ്രതി പിടിക്കപ്പെടുമെന്ന സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് സുരന്‍ പറഞ്ഞു. ആഗസ്റ്റ് 13നാണ് പട്ടാപ്പകല്‍ ജലജയെ വീടിനുള്ളില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.സോമന്‍, വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.ചിത്രാംഗദന്‍ എന്നിവര്‍ എംപിയോട് ഒപ്പമുണ്ടായിരുന്നു.
















