മാവേലിക്കര: അച്ചന്‍കോവിലാറ്റില്‍ പ്രായിക്കര കടവില്‍ നടന്ന മദര്‍തെരേസ ജലോത്സവത്തില്‍ ചെറുവള്ളത്തില്‍ ചുണ്ടന്‍വള്ളം ഇടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. ചെറുവള്ളം മുങ്ങിപ്പോയി. മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുകയായിരുന്ന ചുണ്ടന്‍ വള്ളത്തിന് മുന്നിലേക്ക് നാല്‍വര്‍ സംഘം കയറിയ ചെറുവള്ളം പെട്ടന്ന് തുഴഞ്ഞ് എത്തുകയായിരുന്നു. വള്ളം മാറ്റിക്കൊണ്ടുപോകാന്‍ കരയില്‍ നിന്നും നിരവധി പേര്‍ വിളിച്ചു പറഞ്ഞെങ്കിലും ഇവര്‍ തയ്യാറായില്ല. തുഴഞ്ഞെത്തിയ ചുണ്ടന്‍വള്ളം ചെറുവള്ളത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചെറുവള്ളം തകര്‍ന്ന് ആറ്റിലേക്ക് താഴ്ന്നു പോയി. വെള്ളത്തിലേക്ക് വീണ നാല്‍വര്‍ സംഘത്തെ ചുണ്ടന്‍ വള്ളത്തിലുള്ളവര്‍ രക്ഷപെടുത്തുകയായിരുന്നു. തുഴച്ചില്‍കാര്‍ വളരെ ശ്രമകരമായാണ് ചുണ്ടന്‍വള്ളം മറിയാതെ നിയന്ത്രിച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ ആറ്റില്‍ ജലനിരപ്പ് ഉയരുകയും ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ചുണ്ടന്‍ വള്ളം മറിഞ്ഞിരുന്നെങ്കില്‍ അപകടത്തിന്റെ തീവ്രത വര്‍ദ്ധിക്കുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
















