ന്യൂയോര്‍ക്ക്: രാജ്യാന്തര സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഐഎസ് എന്നും, ഭീകരതയെ മതവുമായി കൂട്ടിക്കുഴയ്‌ക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്‍ സമ്മേളന വേദിയില്‍ ജോര്‍ദാനിലെ അബ്ദുള്ള രാജാവുമായി നടത്തിയ ചര്‍ച്ചയ്‌ക്കിടെയാണ് മോദി ഐഎസിനെതിരെ ആഞ്ഞടിച്ചതെന്ന് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയ ഭാരത വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ഐഎസ് ലോകത്തിനു ഭീഷണിയെന്ന് അബ്ദുള്ള രാജാവും ചര്‍ച്ചയില്‍ വ്യക്തമാക്കി. യുവാക്കള്‍ ഭീകര സംഘടനകളിലേക്ക് എത്തിപ്പെടുന്നത് തടയാന്‍ നടപടി വേണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടതായും സ്വരൂപ്. സുരക്ഷാ സമതിയില്‍ ഭാരതത്തിന് സ്ഥിരാംഗത്വം നല്‍കേണ്ടതിന്റെ ആവശ്യകത മോദി ജോര്‍ദാന്‍ രാജാവുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചു.
ലോക ജനസംഖ്യയുടെ ആറിലൊന്ന് ഭാരതത്തില്‍. അതിനാലാണ് ഈ ആവശ്യം ഭാരതം നിരന്തരം ഉന്നയിക്കുന്നത്. ഐക്യരാഷ്‌ട്ര സഭയുടെ എഴുപതാം വാര്‍ഷികത്തില്‍ അതിനു പരിഹാരം കാണേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ഭാരതത്തിന്റെ ആവശ്യത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് ജോര്‍ദാന്‍ രാജാവ് അറിയിച്ചുവെന്നും വികാസ് സ്വരൂപ്.
















