മക്ക: ഹജ്ജ് തീര്‍ഥാടനത്തിനിടെ മിനായില്‍ തിക്കിലും തിരക്കിലും പെട്ട് 717 പേര്‍ മരിച്ചു. എണ്ണൂറിലെലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. മരണമടഞ്ഞവരില്‍ ഒരു മലയാളിയുമുണ്ട്, കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി മുഹമ്മദ്. മരണമടഞ്ഞവരില്‍ 13 ഭാരതീയര്‍ ഉണ്ടെന്നാണ് സംശയം. കണ്ണൂരില്‍ നിന്നുള്ള ജമീലയെന്ന സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്.
ഇരുപതു ലക്ഷത്തിലേറെപ്പേരാണ് മക്കയിലും സമീപത്തുമായി തടിച്ചുകൂടിയിട്ടുള്ളത്. ഈ വര്‍ഷത്തെ ഹജ്ജിനിടെയുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. കഴിഞ്ഞാഴ്ച മക്ക മസ്ജിദിനുള്ളിലേക്ക് ക്രെയിന്‍ തകര്‍ന്നു വീണ് 107 പേര്‍ മരിക്കുകയും ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകുംമുന്‍പാണ് അടുത്ത ദുരന്തം.
മക്കയ്‌ക്ക് പുറത്തുള്ള മീനയില്‍ ഹജ്ജ് കര്‍മ്മത്തിനിടെ സാത്താനെ കല്ലെറിയുന്ന ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്. തിക്കും തിരക്കുമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. തീര്‍ഥാടകരുടെ ക്യാമ്പുകള്‍ക്കിടയിലുള്ള 204-ാം നമ്പര്‍ തെരുവിലാണ് അപകടമുണ്ടായതെന്ന് അല്‍ജസീറ ലേഖകന്‍ ബസ്മ അടാസി പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ട് വീണവര്‍ക്കു മുകളിലേക്ക് കൂടുതല്‍ പേര്‍ വീഴുകയും പലരും ചവിട്ടേറ്റ് മരിക്കുകയുമായിരുന്നു. വെള്ള വസ്ത്രം ധരിച്ച ഹാജിമാരുടെ ചോരയില്‍ കുളിച്ച മൃതദേഹങ്ങള്‍ തലങ്ങും വിലങ്ങും കിടക്കുന്ന ഭയാനകമായ ദൃശ്യങ്ങളാണ് മീനയില്‍. തകര്‍ന്ന വീല്‍ ചെയറുകളും ചതഞ്ഞരഞ്ഞ വെള്ളക്കുപ്പികളും എങ്ങും ചിതറിക്കിടക്കുകയാണ്.
ദുരന്തം നടന്നയുടന്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തി. നാലായിരത്തോളം രക്ഷാ പ്രവര്‍ത്തകരാണ് ഇപ്പോഴിവിടുള്ളത്.ഇരുനൂറിലേറെ ആംബുലന്‍സുകളില്‍ അവര്‍ മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രികളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അല്‍ജസീറ റിപ്പോര്‍ട്ടര്‍ ഒമര്‍ അല്‍സലേപറഞ്ഞു. മീനയില്‍ 160,000 കൂടാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇവയിലായി രണ്ടു ലക്ഷത്തോളം തീര്‍ഥാടകരും. സൗദി അധികൃതര്‍ കടുത്ത വെല്ലുവിളിയാണ് ഇതുവഴി നേരിടുന്നത്.
മാത്രമല്ല കൂടുതല്‍ ഹജ്ജ് തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനായി സൗകര്യമൊരുക്കി വരുന്ന ഇവിടം ഒരു വലിയ നിര്‍മ്മാണസ്ഥലമായി മാറിയിട്ടുമുണ്ട്.ഒമര്‍ അല്‍സലേ തുടര്‍ന്നു.
ദുരന്തത്തെപ്പറ്റി വിശദമായ അനേ്വഷണത്തിന് സൗദി ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. മീനയില്‍ നിന്ന് തീര്‍ഥാടകരുടെ തമ്പുകളിലേക്ക് മടങ്ങാനുള്ള വഴികളില്‍ ചിലത് അടച്ചതാണ് അപകടകാരണമെന്ന് ഇറാന്‍ ആരോപിച്ചു. 45 ലേറെ ഇറാന്‍ കാരാണ് ദുരന്തത്തില്‍ മരിച്ചത്.
ദുരന്തത്തിനിടയിലും ഹജ്ജ് കര്‍മ്മങ്ങള്‍ മുടക്കമില്ലാതെ തന്നെ നടക്കുകയാണ്.
ഹെല്‍പ്പ്‌ലൈന്‍
കേന്ദ്ര സര്‍ക്കാരിന്റെ
വിദേശമന്ത്രാലയം ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്.
നമ്പര്‍ 00966125458000, 00966125496000
സൗദി അറേബ്യയുടെ ഹെല്‍പ്പ് ലൈന്‍ 8002477786.
ജിദ്ദയിലെ ഭാരത എംബസി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
സൗദിക്കെതിരെ ഇറാന്‍
സൗദി അറേബ്യ സുരക്ഷാ നടപടികള്‍ കൈക്കൊള്ളുന്നതില്‍ വരുത്തിയ വീഴ്ചയാണ് ദുരന്തകാരണമെന്ന് ഇറാന്‍. ദുരന്തത്തില്‍ 45ലേറെ ഇറാന്‍കാരാണ് മരിച്ചത്. സാത്താനെ കല്ലെറിഞ്ഞ് മടങ്ങാനുള്ള ചില പാതകള്‍ അടച്ചതാണ് ദുരന്തകാരണം. ഇവ അടച്ചതിന്റെ കാരണം വ്യക്തമല്ല. ഇറാന്‍ ഹജ്ജ് സംഘാടക സമിതി മേധാവി സെയ്ദ് ഒഹൈദി ആരോപിച്ചു. ചില പാതകള്‍ അടച്ചതിനാല്‍ മൂന്നു പാതകള്‍ മാത്രമേ തുറന്നിരുന്നുള്ളൂ. ഒഹൈദി പറഞ്ഞു.
ദുരന്തമേറെയും മിനായില്‍
മക്ക: ലോകത്തേറ്റവും വലിയ തീര്‍ഥാടനങ്ങളില്‍ ഒന്നാണ് ഹജ്ജ്. സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയില്‍ ഈ സമയത്ത് ജനലക്ഷങ്ങളാണ് തടിച്ചുകൂടുക.
എത്ര സൗകര്യങ്ങള്‍ ഒരുക്കിയാലും ഹജ്ജ് തീര്‍ഥാടനം പലപ്പോഴും വലിയ ദുരന്തങ്ങള്‍ക്കു വേദിയായിട്ടുണ്ട്. അവയില്‍ മിക്കതും സംഭവിച്ചിട്ടുള്ളത് മിനായിലും. സാത്താനെ കല്ലെറിയുക എന്നൊരു വിശുദ്ധ ചടങ്ങുണ്ട്. ഈ ചടങ്ങിനിടയിലും മടങ്ങുമ്പോഴും ഒക്കെയാണ് പലപ്പോഴും ദുരന്തം ഉണ്ടായിട്ടുള്ളത്.
ഇന്നലെ തിക്കിലും തിരക്കിലും എഴുനൂറിലേറെപേര്‍ മരിച്ചതാണ് ഒടുവിലത്തെ ദുരന്തം.
ഈ മാസം പതിനൊന്നിനാണ് മക്കയില്‍ വലിയൊരു ദുരന്തം സംഭവിച്ചത്. വെള്ളിയാഴ്ച വൈകിട്ടത്തെ പ്രാര്‍ഥനയ്‌ക്ക് തയ്യാറെടുക്കുകയായിരുന്ന തീര്‍ഥാടകര്‍ക്കിടയിലേക്ക് മക്ക മസ്ജിദിന്റെ മൂന്നാം നിലയില്‍ അറ്റകുറ്റപ്പണിക്ക് സ്ഥാപിച്ചിരുന്ന ക്രെയിന്‍ കാറ്റിലും മഴയിലും തകര്‍ന്നു വീഴുകയായിരുന്നു. 107പേരാണ് മരിച്ചത്. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു.
മിനായില്‍ തിരക്കിലും തിരക്കിലും പെട്ട് 360 പേര്‍ മരിച്ചത് 2006 ലാണ്. സാത്താനെ കല്ലെറിയുന്ന ചടങ്ങിനിടെയായിരുന്നു ദുരന്തം.
ഈ ദുരന്തത്തിന് തലേന്ന് മക്ക മസ്ജിദിനു സമീപം തീര്‍ഥാടകര്‍ താമസിച്ചിരുന്ന എട്ടുനില ഹോട്ടല്‍ തകര്‍ന്ന് 73 പേര്‍ മരണമടഞ്ഞിരുന്നു. മിനായില്‍ 2004ല്‍ തിക്കിലും തിരക്കിലും 224 പേരാണ് മരിച്ചത്.
2001ല്‍ മിനായിലുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. മീനയില്‍ ഭാരതത്തില്‍ നിന്നുള്ളവരടക്കം താമസിച്ചിരുന്ന കൂടാരത്തിന് തീ പിടിച്ച് 343 പേര്‍ മരിച്ചു.
97ല്‍ മിനായില്‍ കല്ലേറിനിടെ തിക്കിലും തിരക്കിലും 118 പേര്‍ മരിച്ചു
94ലും മിനായിലുണ്ടായ തിക്കിലും തിരക്കിലും 270 പേര്‍ മരിച്ചു.
ഏറ്റവും വലിയ ദുരന്തം 90ലാണ് സംഭവിച്ചത്. അന്ന് മക്കയിലേക്ക് തീര്‍ഥാടകര്‍ക്ക് പോകാനുള്ള തുരങ്കത്തിലുണ്ടായ തിക്കിലും തിരക്കിലും 1426 പേരാണ് മരിച്ചത്.
മരിച്ചത് കൊടുങ്ങല്ലൂര്‍ സ്വദേശി
കൊടുങ്ങല്ലൂര്‍: ഹജ്ജ് കര്‍മ്മത്തിനിടെ മരിച്ചവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയും. അഴീക്കോട് കൊച്ചിക്കാരന്‍ വടക്കേ വീട്ടില്‍ അബ്ദുവിന്റെ മകന്‍മുഹമ്മദ്(63) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 3.40നാണ് മുഹമ്മദ് മക്കയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
കഴിഞ്ഞ മാസം മുന്നിനാണ് ഹജ്ജ് തീര്‍ഥാടനത്തിനായി പുറപ്പെട്ടത്. എന്നാല്‍ തിക്കിലും തിരക്കിലുംപെട്ടാണോ മുഹമ്മദ് മരിച്ചതെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ:ഐഷയും സഹോദരി അലീമയും കുടെ ഉണ്ടായിരുന്നു. മക്കള്‍: ഷെഫീക് (കുവൈറ്റ്), ഷൈല, ഷെഫിത. മരുമക്കള്‍: നൗഫല്‍, നിസാര്‍,ഷനു.
















