സ്വന്തം ലേഖകന്‍
കാസര്‍കോട്: മാങ്ങാട് ബാലകൃഷ്ണന് വധകേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായിരുന്ന ഷിബു കടവന്താനത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാന്തില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയില്‍ പൊട്ടിത്തെറി രൂക്ഷമായി. കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോ ണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കേസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വം കൈക്കൊള്ളുന്ന നടപടികളിലെ അതൃപ്തി കാരണം കഴിഞ്ഞ ദിവസം ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ടി.വി.വേണുഗോപാലന്‍ രാജിവെച്ചു. നിലവില്‍ ജവഹര്‍ ബാലജനവേദി ജില്ലാ കോഡിനേറ്ററാണ് ഇദ്ദേഹം. കുടാതെ ഉദുമ ഗ്രാമപഞ്ചായത്ത് അംഗം, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് പാരമ്പര്യമുള്ള ഷിബുവിന്റെ കുടുംബത്തോട് പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനം ഇങ്ങനെയാണെങ്കില്‍ സാധാരണ പ്രവര്‍ത്തകരുടെ കാര്യങ്ങള്‍ വരുമ്പോള്‍ എന്ത് നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്ന് അണികള്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നു. ഷിബു, മജീദ് മാങ്ങാട് എന്നിവരുടെ കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കരിച്ചേരി നാരായണന് മാസ്റ്റര്‍ക്ക് നല്കിയ കത്തില്‍ ഇന്നും പാര്‍ട്ടി മൗനം പാലിക്കുകയാണെന്നാക്ഷേപമുണ്ട്. ഷിബു കടവന്താനത്തിന്റെ പിതാവ് കടവന്താനം കുഞ്ഞിക്കേളു നായര്‍ ആയുസ്സ് മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച വ്യക്തിയാണ്. ഒരു ഘട്ടത്തില്‍ ഡിസിസി പ്രസിഡണ്ട് സ്ഥാനം അദ്ദേഹം അലങ്കരിക്കുമെന്ന് വന്നപ്പോള്‍ ശ്രീധരനടക്കമുള്ളവര്‍ ചേര്‍ന്ന് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ബലിയാടാക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. എന്തുകൊണ്ടും ഡിസിസി പ്രസിഡണ്ടാകാന്‍ അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ട അദ്ദേഹത്തിന്റെ മകനെ കേസിലുള്‍പ്പെടുത്തി മാനസികമായും ശാരീരികമായും തളര്‍ത്തുകയാണ് ഇന്നത്തെ ജില്ലയിലെ കോണ്‍ഗ്രസ്സ് നേതൃത്വം ചെയ്തതെന്ന് ഗ്രൂപ്പ് മറന്ന് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. കരുണാകരന് ഇന്ദിരാ കോണ്‍ഗ്രസ്സ് രൂപീകരിച്ച സമയത്ത് അവിടെയായിരുന്ന ശ്രീധരനോടൊപ്പം ഉറച്ചു നിന്ന വ്യക്തിയാണ് ഇദ്ദേഹം. ഡിഐ സി യുഡിഎഫില്‍ ലയിക്കുന്ന സമയത്ത് വീണ്ടും പാര്‍ട്ടി ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്നു വന്ന വ്യക്തിയാണ് ശ്രീധരന്.
പാര്‍ട്ടി നേതൃത്വം ഇവരോട് കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ച് ഡിസിസി നേതൃത്വത്തിനെതിരായി ഒപ്പ് ശേഖരണത്തിന് പ്രവര്‍ത്തകര്‍ ഒരുങ്ങുന്നതായി നേതാക്കള്‍ തന്നെ പറഞ്ഞു. അരനൂറ്റാണ്ടിലധികമായി കോണ്‍ഗ്രസ്സിന്റെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ച് പ്രവര്‍ത്തിക്കുന്ന ഡിസിസി പ്രസിഡണ്ട് സി.കെ.ശ്രീധരന് ഉദുമയില്‍ സ്വന്തമായി ഒരു പാര്‍ട്ടി ഓഫീസ് പോലും നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഡിസിസി പ്രസിഡണ്ട് അഡ്വ.സി.കെ ശ്രീധരന്റെ ജന്മദേശം കൂടിയാണ് ഉദുമ. ഡിസിസി പ്രസിഡണ്ടിന്റെ വീടിന് അടുത്ത് മറ്റ് പാര്‍ട്ടി ഓഫീസുകള്‍ ഉയര്‍ന്നിട്ടും കോണ്‍ഗ്രസ്സിന് സ്വന്തമായി ഒരു പാര്‍ട്ടി ഓഫീസ് ഇല്ലാത്തത് അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 2005ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ന് ജില്ലയില്‍ കോണ്‍ഗ്രസ്സിന് നേതൃത്വം കൊടുക്കുന്ന വാസുമാങ്ങാടും, സി.കെ.ശ്രീധരനും ഡിഐസിയുടെ ഭാഗമായി സിപിഎം വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. അന്ന് അവര്‍ പറഞ്ഞത് ഉമ്മന്‍ കോണ്‍ഗ്രസ്സിനെ ഉപ്പ് വെച്ച കലം പോലെയാക്കുമെന്നാണ്. ഇവര്‍ നേതൃത്വം നല്കുന്ന ഡിസിസിയില്‍ നിന്ന് സാധാരണ പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കില്ലെന്ന് അണികള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ്സില്‍ നിന്നും പല പ്രമുഖരും രാജിവെക്കുമെന്ന ഭീഷണി മുഴക്കി കഴിഞ്ഞതായി നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിനെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ സംഘടിപ്പിച്ചിരിക്കുന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തന്നെ നേരിട്ടെത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. പക്ഷെ ഡിസിസി നേതൃത്വം ഉദുമ നിയോജക മണ്ഡലത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് നേതാക്കളടക്കം പലരും യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന വിശദീകരണ യോഗം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്. ഡിസിസി നേതൃത്വത്തിനെതിരായി ഉദുമയില്‍ നിന്ന് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയ സാഹചര്യത്തില്‍ വിശദീകരണം നല്കാന് നേതാക്കള്‍ക്ക് നന്നേ ബുദ്ധിമുട്ടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: