കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ തെരുവ് വിളക്ക് കത്താത്തതിനാല്‍ നഗരം ഇരുട്ടിലായി. വിളക്ക് സ്ഥാപിച്ച കണ്ണൂര്‍ ആഡ്സ്റ്റാര്‍ പരസ്യകമ്പനിയുടെ കാലാവധി അവസാനിക്കാനിരിക്കെ വിളക്കുകള്‍ കത്തിക്കാനാവശ്യമായി നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും കാഞ്ഞങ്ങാട് നഗരസഭ യോഗത്തില്‍ ആവശ്യമുയര്‍ന്നു. കമ്പനിയുമായി ബന്ധപ്പെട്ട് തെരുവ് വിളക്കുകള്‍ കത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ ഉറപ്പ് നല്കി.
രാത്രിയായാല്‍ നഗരം തെരുവ് പട്ടികളുടെ വിഹാരകേന്ദ്രമാണ്. നഗരത്തില്‍ പുതിയകോട്ടമുതല്‍ അതിഞ്ഞാല്‍ വരെ തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് നഗരത്തില്‍ രണ്ട് വര്‍ഷത്തേയ്ക്ക് ആഡ് സ്റ്റാര്‍ പരസ്യ കമ്പനിയുടെ പരസ്യം ഡിവൈഡറുകളില്‍ സൗജന്യമായി സ്ഥാപിക്കാനുമായിരുന്നു നഗരസഭയുമായുള്ള കരാര്‍. എന്നാല്‍ കാര്‍ പ്രകാരം സ്ഥാപിച്ച വിളക്കുകള്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് പ്രകാശമാനമായത്. പിന്നീട് ദിവസേന ഓരോ വിളക്കുകള്‍ വീതം മിഴി ചിമ്മുകയായിരുന്നു. ഇപ്പോള്‍ നാമമത്രമായ വിളക്കുകള്‍ മാത്രമാണ് പ്രകാശിക്കുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വത്തോടെ വിഷയം കൈകാര്യം ചെയ്യാനും നഗരസഭ അധികൃതര്‍ക്കായില്ല. ഇപ്പോള്‍ രാത്രിയായാല്‍ വ്യാ പാര സ്ഥാപനങ്ങളില്‍ നിന്നും പ്രവഹിക്കുന്ന പ്രകാശത്തിലാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. നഗരത്തില്‍ മോഷണം നടന്നാല്‍ പോലും ആരും കാണാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ ഭാഗത്തേക്ക് പോകാനായി നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസിന്റെ താക്കോല്‍ അജ്ഞാതന്‍ അപഹരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്. നഗരത്തില്‍ പ്രകാശമില്ലാത്തതിനാലാണ് ഇത് സംഭവിച്ചതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: