കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെതിരെ നഗരസഭ യോഗത്തില്‍ പ്രതിഷേധമിരമ്പി. കൗണ്‍സിലര്‍മാരുടെ കണ്ണുവെട്ടിച്ച് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നതായി യോഗത്തില്‍ ആക്ഷേപം. നഗരത്തില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച മോത്തി സില്‍ക്സിന് അനുമതി നല്‍കിയത് വന്‍ വിവാദമായിരുന്നു. നഗരത്തില്‍ 22 ഓളം അനധികൃത കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റവന്യുവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് റവന്യുവിഭാഗം നഗരസഭ അധികൃതര്‍ക്ക് നല്‍കിയിരുന്നെങ്കിലും ഇത് നഗരസഭ ഉദ്യോഗസ്ഥര്‍ മുക്കിയതായും ആരോപണമുണ്ട്. വസ്തുനികുതി പരിഷ്കരണത്തിനും, കെട്ടിട നമ്പറിനായുള്ള പരിശോധനയുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരം ഉള്‍പ്പെടുന്ന വാര്‍ഡില്‍ നഗരസഭയുടെ റവന്യുവിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃത കെട്ടിടങ്ങള്‍ കണ്ടെത്തിയത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളനുസരിച്ചുള്ള നഗരസഭയുടെ അനുമതി ഇല്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭക്ക് മടിയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ അന്വേഷണം നടത്താന്‍ നഗരസഭയില്‍ ജീവനക്കാരില്ലാത്തതാണ് കാരണമെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. മോത്തി സില്‍ക്സിന് പ്രവര്‍ത്തനാനുമതി നല്കി പിന്നീട് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഉടമയ്ക്കനുകൂലമായുള്ള ഹൈക്കോടതി വിധിയില്‍ തീരുമാനമെടുക്കുന്നതിന് ഉടമയുടെ വാദം കേള്‍ക്കാന്‍ ചെയര്‍പേഴ്സണ്‍ കെ.ദിവ്യ, വൈസ് ചെയര്മാന് പ്രഭാകരന് വാഴുന്നോറടി, എന്‍.എ.ഖാലിദ്, ടി.കുഞ്ഞികൃഷ്ണന്, കെ.രവീന്ദ്രന്, സി.കെ.വത്സലന്‍ എന്നിവര്‍ അംഗങ്ങളായുള്ള സബ് കമ്മറ്റിയെ നിയോഗിച്ചു. അനധികൃത കെട്ടിടങ്ങളെപറ്റി നഗരസഭയില്‍ കൗണ്‍സിലര്‍ രവീന്ദ്രന് പുതുക്കൈ നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കുമെന്നും ചെയര്‍പേഴ്സണ്‍ മറുപടി നല്കി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയും നവീകരിച്ചും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനോ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള പിഴ ഒടുക്കി കെട്ടിടനിര്‍മ്മാണം ക്രമവല്‍ക്കരിക്കാന്‍ നിര്‍ദേശം നല്‍കാനോ നഗരസഭ അധികൃതര്‍ തയ്യാറായിട്ടില്ല. നഗരസഭ യോഗങ്ങളില്‍ എടുക്കുന്ന പല തീരുമാനങ്ങള്‍ നടപ്പിലാക്കാനും ഉദ്യോഗസ്ഥര്‍ മടിക്കുന്നതായും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പാവപ്പെട്ടവനെയും പണക്കാരനെയും ഒരേ പോലെ കാണാന്‍ ഭരണാധികാരികള്ക്കാകുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നഗരത്തിലെ വമ്പന്മാര്ക്കെതിരെ നടപടിയെടുക്കാന്‍ ഇവര്‍ ഭയക്കുന്നു. നഗരത്തില്‍ അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന അനധികൃത നിര്‍മാണങ്ങളില്‍ നടപടിയെടുക്കാത്തതിനാല്‍ നഗരസഭയ്ക്ക് ലക്ഷങ്ങളുടെ വരുമാനമാണ് നഷ്ടപ്പെടുന്നത്. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളില്‍ നിലവില്‍ റവന്യൂനമ്പര് ഉള്ളവയ്ക്ക് അസസ്മെന്റ് പ്രകാരമുള്ള രീതിയില്‍ നമ്പര്‍ നല്കി യുഎസി രേപ്പെടുത്തിയതിലും വന്‍ ക്രമക്കേടുനടന്നിട്ടുണ്ട്. നഗരസഭാ റജിസ്റ്ററില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രേഖപ്പെടുത്തിയ കെട്ടിട നമ്പറുളില്‍ എകദേശം 150 നമ്പറുകള്‍ കാലഹരണപ്പെട്ടതാണ്. നഗരസഭയുടെ രേഖകളില്‍ കാണുന്ന ഇത്രയും നമ്പറിലുള്ള കെട്ടിടങ്ങളോ, റൂമുകളോ നിലവിലില്ല. ഇത്തരത്തില്‍ അധികമായുള്ള പഴയ കെട്ടിട നമ്പറുകള്‍ പുതിയ കെട്ടിടങ്ങള്‍ക്ക് നല്കി ക്രമവല്‍ക്കരിച്ച് ലക്ഷങ്ങള്‍ കൊയ്യുന്ന ഇടപാടുകളും നഗരസഭയില്‍ നടക്കുന്നതായുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. നിലവില്‍ റവന്യു നമ്പര്‍ ഇല്ലാത്ത കെട്ടിടങ്ങള്‍ക്കും മുറികള്‍ക്കും യുഎ നമ്പര്‍ നല്‍കിയശേഷം ഇടനിലക്കാര്‍ മുഖേന നഗരസഭയുടെ കൈവശം അധികമായുള്ള നമ്പര്‍ സമ്മാനിക്കുന്നതിനുപിന്നില് ലക്ഷങ്ങളുടെ ഇടപാടാണ് നടന്നുവരുന്നത്. കെട്ടിടങ്ങള്‍ക്ക് മുകളില്‍ അനധികൃത നിര്‍മാണം നടത്തി വാടകയ്ക്ക് നല്കുന്ന പ്രവണതയും നഗരത്തിലുണ്ട്. ഇത്തരം അനധികൃത കെട്ടിടങ്ങളെല്ലാം പ്രത്യേക മത വിഭാഗത്തില്പ്പെടുന്നവരുടെതാണെന്ന പ്രത്യേകതയും ചട്ട ലംഘനത്തിന് പിന്നിലുണ്ട്. ഇത്തരം കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നഗരസഭ അധികൃതര്‍ക്കും ഭയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: