പരപ്പനങ്ങാടി: പൊതുമുതല്‍ സംരക്ഷിക്കാന്‍ സര്‍വ്വകക്ഷി കൂട്ടായ്മ. ചെട്ടിപ്പടിയിലെ കടലുണ്ടി റോഡിലുള്ള ഏഴര സെന്റ് ഭൂമി കയ്യേറി സ്വകാര്യ വ്യക്തി ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയാണ് ഇയാള്‍ അനധികൃതമായി കയ്യേറി കെട്ടിടം നിര്‍മ്മിച്ചത്. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാരും പോലീസും ഒരുപോലെ ഇയാളെ സംരക്ഷിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ സംഘടിച്ചത്. മുമ്പ് ഈ സ്ഥലത്തിന് മുന്നില്‍ ഗുഡ്സ് ഓട്ടോറിക്ഷാ സ്റ്റാന്‍ഡായിരുന്നു. കെട്ടിടം ഉയര്‍ന്നപ്പോള്‍ അത് മാറ്റുന്നതിനായി സ്വകാര്യവ്യക്തി പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും സംഭവം വിവാദമാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിവിധ സംഘടനകള്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിയില്‍ നിന്നും വീണ്ടെടുക്കണമെന്നും മതില്‍ക്കെട്ടി ഭൂമി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നു. കയ്യേറ്റ സംഭവം ആദ്യം ജന്മഭൂമിയാണ് ചിത്രം സഹിതം പ്രസ്ദ്ധീകരിച്ചത്. സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിനെതിരെ സര്‍വ്വകക്ഷി കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചതില്‍ നാട്ടുകാരും സംതൃപ്തരാണ്. കെട്ടിടം ഉടമയെ സഹായിക്കുന്ന പോലീസിന്റെ നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അന്യായമായി ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസും സര്‍വ്വകക്ഷി ഏറ്റെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഉള്ളേരി സുബ്രഹ്മണ്യന്, ജാഫര്‍ കോലാക്കല്‍, കാര്ത്തികേയന്, സി.ജയദേവന്, ഹംസക്കോയ, ഷാനവാസ് എന്നിവരാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: