തൊടുപുഴ : കേരളത്തില്‍ ഏറ്റവും കുറഞ്ഞ വേതനം വാങ്ങി ജോലി ചെയ്തുവരുന്ന തോട്ടം തൊഴിലാളികളുടെ ശമ്പള കരാറിന്റെ കാലാവധി അവസാനിപ്പിച്ചിട്ട് 9 മാസം പിന്നിട്ടിരിക്കുകയാണ്. തോട്ടം ഉടമകളുമായി തൊഴിലാളി യൂണിയനുകളും സര്‍ക്കാരും നടത്തുന്ന ഒത്തുതീര്‍പ്പാണ് ശമ്പള കരാര്‍ അട്ടിമറിക്കുന്നതിന് പിന്നിലെന്ന് ബിഎംഎസ് ജില്ലാ കമ്മറ്റി ആരോപിച്ചു. കേവലം 231 രൂപ ശമ്പളം കൊണ്ട് ജീവിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത സാഹചര്യത്തിലാണ് മൂന്നാറിലെ തൊഴിലാളികള്‍ തൊഴിലാളി സംഘടനകളുടെ കൊടികള്‍ വലിച്ചെറിഞ്ഞ് അംഗീകൃത തൊഴില്‍ സംഘടനയില്‍ വിശ്വാസം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ട സാഹചര്യം ഉണ്ടായത്. മൂന്നാര്‍ കെഡിഎച്ച് കമ്പനിയിലെ തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് നല്‍കുകയും കേരളത്തിലെ റബ്ബര്‍, തേയില, ഏലം, കാപ്പി വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രതിദിനം 500 രൂപ വേതനം നല്‍കിക്കൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും തൊഴിലാളികള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നേരിടുന്നതിലും ദയനീയമായ ജീവിത സാഹചര്യങ്ങളാണ് ജില്ലയിലെ മുഴുവന്‍ പ്ലാന്റേഷന് തൊഴിലാളികളും നേരിടുന്നത്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കാത്തപക്ഷം തോട്ടം തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബിഎംഎസ് ജില്ലാ കമ്മറ്റി പ്രസ്താവിച്ചു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പി. ശശിധരന്, ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ബി ശശിധരന്, സെക്രട്ടറി സിബി വര്‍ഗ്ഗീസ്, ബി. വിജയന്, പി. മോഹനന്, കെ.കെ വിജയന്, ഭുവനചന്ദ്രന്, എ.പി സഞ്ചു, കെ. ജയന്, ഷീബ സാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: