സ്വന്തം ലേഖകന്‍
കണ്ണൂര്‍: സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ഗിരുനിന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴും സംസ്ഥാനത്തും ജില്ലയിലാകമാനവും ഗുരുനിന്ദ നടത്തിയ പാര്‍ട്ടി നടപടിക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. തളിപ്പറമ്പ് കൂവോട്ട് ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച് കുരിശിലേറ്റി അവതരിപ്പിച്ച പ്ലോട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രതിഷേധം സിപിഎമ്മിലെ ഭൂരിപക്ഷം വരുന്ന ശ്രീനാരായണ ഭക്തരിലും ഘടകകക്ഷികളുടെ നേതാക്കള്‍ക്കും അണികള്‍ക്കുമിടയിലും സജീവചര്‍ച്ചയായി നിലനില്ക്കുകയും പ്രതിഷേധം അനുദിനം ശക്തിപ്പെടുകയുമാണ്. സിപിഎം നടപടിക്കെതിരായ പ്രതിഷേധം ഇപ്പോഴും പാര്‍ട്ടി അണികള്‍ക്കിടയിലും ശ്രീനാരായണീയര്‍ക്കിടയിലും നിലനില്‍ക്കുന്നുവെന്ന് വിളിച്ചോതുന്നതാണ് സംഭവം നടന്ന തളിപ്പറമ്പില്‍ കഴിഞ്ഞദിവസം എസ്എന്‍ഡിപി നടത്തിയ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും. എസ്എന്‍ഡിപിക്കാരും പാര്‍ട്ടി അനുഭാവികളും മെമ്പര്‍മാരും അടക്കം നൂറു കണക്കിനാളുകളാണ് തളിപ്പറമ്പിലെ പരിപാടിയില്‍ അണിനിരന്നത്. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള തളിപ്പറമ്പ് പോലുള്ള പ്രദേശത്ത് പാര്‍ട്ടി നടത്തിയ ഗുരുദേവ നിന്ദക്കെതിരായ പ്രതിഷേധത്തില്‍ പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ ആളുകളുള്‍പ്പെടെ പങ്കെടുത്തത് പാര്‍ട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഗുരുവിനെ നിന്ദിച്ച സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിലാകമാനം പാര്‍ട്ടി അണികള്‍ ഉള്‍പ്പെടെ ഇപ്പോഴും സംഭവം ചര്‍ച്ച ചെയ്യുന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. തളിപ്പറമ്പില്‍ ഘടകകക്ഷിയായ സിപിഐയുടെ ഏരിയാ കമ്മറ്റി നേതാവു തന്നെ പ്രതിഷേധയോഗത്തില്‍ പ്രസംഗിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.
ഗുരുനിന്ദ നടത്തി ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും നേതൃത്വത്തിന്റെ അറിവോടെ നാരായണഗുരുവിനെ കുരിശിലേറ്റുന്നതും കഴുത്തില്‍ കയറിട്ട് കുടുക്കുന്നതുമായ പ്ലോട്ടുകള്‍ അവതരിപ്പിച്ച തളിപ്പറമ്പ് കൂവോട്ടെ പാര്‍ട്ടി സഖാക്കള്‍ക്കെതിരെയോ ബാലസംഘത്തിന്റെ പ്രാദേശിക ഘടകത്തിനെതിരെയോ നടപടിയെടുക്കാനോ രേഖാമൂലം വിശദീകരണം ചോദിക്കാനോ തയ്യാറാവാത്ത സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ നടപടി ശ്രീനാരായണീയ ഭക്തരിലും പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ ഈഴവസമുദായാംഗങ്ങള്‍ക്കും ഇടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്ലോട്ടില്‍ യാതൊരു തെറ്റുമില്ലെന്നും നടപടിയെടുക്കേണ്ടതില്ലെന്നുമുള്ള ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ നടപടി താഴേത്തട്ടിലുള്ള പാര്‍ട്ടി ഘടകങ്ങളിലും അണികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും സജീവ ചര്‍ച്ചയായിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയും മറ്റും നിസ്സാര അപവാദ പ്രചരണങ്ങളോ ദുസ്സൂചനകളോ ആരെങ്കിലും നടത്തിയാല്‍ ഉടന്‍ നടപടികളും പ്രതിഷേധങ്ങളുമായി രംഗത്തെത്തുന്ന നേതൃത്വം നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവന്റെ നേരെയുണ്ടായ അതി നീചമായ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് പാര്‍ട്ടി അണികള്‍ തന്നെ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏതാനും നാളുകള്‍ക്ക് മുമ്പ് മലയോരത്തെ ഒരു ഡിവൈഎഫ്ഐ നേതാവ് മുസ്ലീം മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്ത സംഭവമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍വ്വരാലും അംഗീകരിക്കപ്പെടുന്ന ഗുരുദേവനെ പരസ്യമായി അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവാത്തതെന്തുകൊണ്ടെന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ശ്രീനാരായണീയരോട് സിപിഎം കാട്ടിയത് ഒരിക്കലും മറക്കാനാവാത്ത നെറികേടാണെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുകയാണ്.
ഗുരുനിന്ദയെ മറച്ചുവെക്കാന്‍ തലശ്ശേരിയില്‍ ഗുരുദേവ പ്രതിമ പാര്ട്ടിക്കാര് തന്നെ തകര്‍ത്ത് ആര്‍എസ്എസിന്റെ മേല്‍ കെട്ടിവെച്ച് രക്ഷപ്പെടാമെന്ന തന്ത്രവും പാളിയതോടെ എന്തു ചെയ്യണമെന്നറിയാതെ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്. പ്രതിമ തകര്‍ത്ത സംഭവം പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയും സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബിന്റെ അകത്തായിരുന്ന ഗുരുദേവ പ്രതിമ എങ്ങനെ വാതില്‍ പൊളിക്കാതെ പുറത്തെത്തി എന്നുള്ള ചോദ്യവും ഉയര്‍ന്നതോടെ സിപിഎം നേതാക്കളും അനുഭാവികളും തന്നെ ഇക്കാര്യത്തിലുള്ള പ്രതിഷേധത്തില്‍ നിന്ന് ഉള്‍വലിഞ്ഞ സ്ഥിതിയാണ്. ചുരുക്കത്തില്‍ തെറ്റ് ഏറ്റുപറയാതെ ഗുരുനിന്ദ വിവാദം അവസാനിക്കുമെന്ന് കരുതി ചര്‍ച്ച അവസാനിപ്പിക്കണമെന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ അഭ്യര്‍ത്ഥനയില്‍ ചര്‍ച്ച കെട്ടടങ്ങുമെന്ന് കരുതിയ സിപിഎമ്മിന് പാര്‍ട്ടിക്കകത്ത് സംഭവത്തെക്കുറിച്ച് ചര്‍ച്ച ഇപ്പോഴും നിലനില്‍ക്കവേ പാര്‍ട്ടി വീണ്ടുംവീണ്ടും പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: