നകോട്ടയം: സ്വന്തമായി സ്ഥലമുളള അംഗനവാടികള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൂരോപ്പട ഇടയ്‌ക്കാട്ടുകുന്ന് അംഗന്‍വാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സേവനരംഗത്ത് ഗുണകരമായ പ്രവര്‍ത്തനങ്ങളാണ് അംഗന്‍വാടികള്‍ നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ അദ്ധ്യക്ഷത വഹിച്ചു. അംഗനവാടിയുടെ ആരംഭഘട്ടത്തില്‍ ടീച്ചറായി സേവനം അനുഷ്ഠിച്ചിരുന്ന പി.എ. അമ്മിണി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ എ.എസ്.ശ്രീനാഥ്, പുതിയ കെട്ടിടത്തിന്റെ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.വി. മാത്യൂ കൊച്ചുകരോട്ട് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം രാധാ വി നായര്‍ മുഖ്യപ്രഭാഷണം നടത്തി. സിന്ധുമോള്‍, ശാന്തമ്മ അന്ത്രയോസ്, ശ്രീലതാ പ്രകാശ്, ചെയര്‍മാന്‍ സുരേഷ് കല്ലടപ്പളളി,പത്മം എന്നിവര്‍ സംസാരിച്ചു. എം.പി അന്ത്രയോസ് സ്വാഗതവും ജിനു മേരി ബെഞ്ചമിന്‍ നന്ദിയും പറഞ്ഞു.
















