ഇടുക്കി : മൂന്നാര്‍ കെഡിഎച്ച്പി കമ്പനി തൊഴിലാളികള്‍ ഏതാനും ദിവസങ്ങളായി നടത്തിവരുന്ന സമരം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഊര്‍ജിത ശ്രമങ്ങള്‍ തുടരുന്നു. പ്രശ്നം ഉണ്ടായ പിറ്റേദിവസം തന്നെ ലേബര്‍ ഓഫീസറെയും ആര്‍ഡിഒയേയും ചര്‍ച്ചകള്‍ക്കും പരിഹാരങ്ങള്‍ക്കുമായി ജില്ലാ കളക്ടര്‍ വി. രതീശന് നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ കൂടിയാലോചനകളില്‍ പരിഹാരം ഉണ്ടാകാഞ്ഞതിനെത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ പ്രശ്നത്തില്‍ ഇടപെടുകയും എറണാകുളത്തുവെച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പ്രശ്നപരിഹാരം ഉണ്ടാകാതിരുന്ന വിവരം ജില്ലാ ഭരണകൂടം തൊഴില്‍ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്ന്ന്് മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. പ്രശ്നം ഉണ്ടായ അന്നുമുതല്‍ പരിഹാരത്തിനായി ജില്ലാ ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ആസ്ഥാനത്തു പ്രശ്നപരിഹാരത്തിന്റെ പുരോഗതി കളക്ടര്‍ നേരിട്ട് അപ്പപ്പോള്‍ വിലയിരുത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അംഗീകൃത ട്രേഡ് യൂണിയന് നേതാക്കള്‍, അംഗീകൃത സംഘടനാടിസ്ഥാനത്തിലല്ലാതെ സമരം നടത്തുന്ന തൊഴിലാളി പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച തുടരുകയാണ്. ചര്‍ച്ചകളിലൂടെ പ്രശ്നം രമ്യമയി പരിഹരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: