പെരുമ്പാവൂര്‍: സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തെറിഞ്ഞ വെങ്ങോല പുതുപ്പാറ ക്ഷേത്രത്തിലെ മേപ്രത്ത് പടിയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം പുനഃസ്ഥാപിച്ചു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ക്ഷേത്രഭണ്ഡാരം കഴിഞ്ഞ ശനിയാഴ്ച രാത്രി സാമൂഹ്യവിരുദ്ധര്‍ പിഴുതെടുത്ത് കനാലില്‍ എറിഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് പുതുപ്പാറ ഭഗവതി ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മേപ്രത്ത് പടിയില്‍ വന്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. വന്‍ പോലീസ് സാന്നിദ്ധ്യത്തിലാണ് ക്ഷേത്രഭണ്ഡാരം പുനഃസ്ഥാപിച്ചത്. ഇതിനിടെ സംഭവം വര്‍ഗീയവത്ക്കരിക്കാനാണ് പോലീസും കോണ്‍ഗ്രസും ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രീതിപ്പെടുത്താനായി ഇവിടെ സ്ഥാപിച്ചിരുന്ന ഹിന്ദുഐക്യവേദിയുടെ കൊടിമരം പോലീസ് പറിച്ചെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവിധ രാഷ്‌ട്രീയ-സാമുദായിക സംഘടനകളുടെ കൊടിക്കാല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുമ്പോഴാണിത്. ഹിന്ദു സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശത്തെ കോണ്‍ഗ്രസുകാര്‍. ഇതിന് പോലീസും കൂട്ടുനില്‍ക്കുകയാണ്. ക്ഷേത്രഭണ്ഡാരം തകര്‍ത്തവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുകയാണ്. ഹിന്ദുഐക്യവേദിയുടെ കൊടിമരം പറിച്ചെടുത്തതില്‍ ഐക്യവേദി ഭാരവാഹികള്‍ പ്രതിഷേധിച്ചു. പ്രദേശത്ത് കൊടിമരം സ്ഥാപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
















