തൊടുപുഴ/കട്ടപ്പന : ബിഎംഎസ്, ബിജെപി നേതാക്കളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചും മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും ബിജെപി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. വിവിധ കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തൊടുപുഴ, ഉടുമ്പന്നൂര്‍, അടിമാലി, നെടുങ്കണ്ടം, കുമളി, പുളിയന്മല, മൂലമറ്റം, ചെറുതോണി, വണ്ണപ്പുറം, തുടങ്ങിയ ഇടങ്ങളിലെല്ലാം കടകള്‍ അടഞ്ഞുകിടന്നു. ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല. ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു. തൊടുപുഴ ഡിപ്പോയില്‍ നിന്ന് ദൂരസ്ഥലങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നടന്നെങ്കിലും ജില്ലയില്‍ സര്‍വ്വീസ് നിലച്ചു. മുവാറ്റുപുഴയില്‍ നിന്നുള്ള ബസുകള്‍ ജില്ലാ അതിര്‍ത്തിയായ അച്ചന്‍കവല വരെ സര്‍വ്വീസ് നടത്തി മടങ്ങി. ജില്ലയില്‍ ആക്രമണ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. മൂന്നാര്‍ കെഡിഎച്ച് കമ്പനിയില്‍ ബോണസ് പ്രശ്‌നത്തില്‍ സമരം നടത്തുന്ന തൊഴിലാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തിയ ബിഎംഎസ്, ബിജെപി നേതാക്കളെ തിരഞ്ഞുപിടിച്ച് സിപിഎം, സിപിഐ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: