കൊച്ചി: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ശോഭായാത്ര നടത്തിക്കൊണ്ട് ശ്രീനാരായണ ഗുരുദേവനേയും ശ്രീകൃഷ്ണനേയും അവഹേളിച്ച സിപിഎം നിലപാട് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും പാര്‍ട്ടിയുടെ സാംസ്‌കാരിക പാപ്പരത്വവുമാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍ അഭിപ്രായപ്പെട്ടു. ശോഭായാത്രയില്‍ ശ്രീനാരായണഗുരുദേവനെ കുരിശ്ശിലേറ്റിക്കൊണ്ടുള്ള നിശ്ചല ദൃശ്യം വിശ്വാസികളെ മുഴുവന്‍ വേദനിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനമൊട്ടാകെ ബാലഗോകുലം നടത്തുന്ന ശോഭായാത്രക്ക് ബദലായി ശോഭായാത്ര നടത്താനും ബാലഗോകുലം നടത്തുന്ന ശോഭായാത്രയില്‍ പങ്കാളിത്തം കുറക്കുവാനും പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയ ആഹ്വാനം പരാജയപ്പെട്ടു. ബദല്‍ ശോഭായാത്ര നടത്തി സ്വയം പരിഹാസിതരാകേണ്ട ഗതികേടാണ് പാര്‍ട്ടിക്കു വന്നുചേര്‍ന്നത്.
ശോഭായാത്രയില്‍ അണിനിരത്തിയ ഹൈന്ദവ വിരുദ്ധമായ നിശ്ചലദൃശ്യങ്ങള്‍ പാര്‍ട്ടിയുടെ ആകമിക സ്വഭാവത്തെയാണു കാണിക്കുന്നത്. ശ്രീകൃഷ്ണന്‍ ആര്‍എസ്എസ് കാരനാണോ ബിജെപി കാരനാണോ എന്ന കൊടിയേരിയുടെ ചോദ്യം വളരെ വില കുറഞ്ഞതും ഒരു പാര്‍ട്ടി സെക്രട്ടറിക്കു ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
















