നേതാക്കളെ ആക്രമിച്ചത് സമരക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം
മൂന്നാര്‍ : കെഡിഎച്ച് കമ്പനിയില്‍ ബോണസ് പ്രശ്നത്തില്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തിയ ബിഎംഎസ്, ബിജെപി ജില്ലാ നേതാക്കള്‍ക്ക് നേരെ പട്ടാപ്പകല്‍ അക്രമം. നൂറുകണക്കിന് പോലീസുകാര്‍ കാവല്‍ നില്‍ക്കെയാണ് സിപിഎം, സിപിഐ സംഘം അക്രമം അഴിച്ചുവിട്ടത്. ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എന്‍ രവീന്ദ്രന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സോജന് ജോസഫ്, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സുരേഷ്, അളകരാജ് എന്നിവരെയാണ് കമ്പിവടി, സോഡാക്കുപ്പി, എന്നിവയുമായി ആക്രിച്ചത്. ഈ സമയം മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടായിരുന്നിട്ടും അക്രമികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചില്ല. കഴിഞ്ഞ മൂന്ന് ദിവസമായി കണ്ണന്‍ദേവന്‍ കമ്പനിയിലെ തൊഴിലാളികള്‍ സമരത്തിലായിരുന്നു. സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവര്‍ സമാനതകളില്ലാത്ത ഈ സമരത്തോട് മുഖം തിരിഞ്ഞ് നിന്നു. ഇതേത്തുടര്‍ന്നാണ് ബിജെപി, ബിഎംഎസ് നേതാക്കള്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് എത്തിയത്. സമരക്കാര്‍ ബിജെപിയിലേക്ക് അടുക്കുന്നു എന്ന് മനസിലാക്കിയതോടെ സിപിഎം-സിപിഐ ക്രമിനല്‍ സംഘം നേതാക്കളെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസിലെ ഒരു വിഭാഗം വ്യാജ പ്രചരണവുമായി രംഗത്തെത്തി. സമരക്കാരാണ് സംഘ്പരിവാര്‍ നേതാക്കളെ ആക്രമിച്ചതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ സിപിഎം-സിപിഐ പ്രവര്‍ത്തകരായ മഹേഷ്, രാജ്, ഈശ്വരന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്
ആക്രമണം നടത്തിയതെന്ന് ബിഎംഎസ് നേതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. അക്രമികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ വൈകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: