കല്‍പ്പറ്റ : വയനാട് ജില്ലാ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രഖ്യാപനവും വെറുതെയാകുന്നു. ഏറ്റവും ഒടുവില്‍ കല്പറ്റയില് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലാണ് വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി സ്റ്റേഡിയം നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനു ഒരുങ്ങുകയാണ് ജില്ലയിലെ കായികപ്രേമികള്‍. തിരുവനന്തപുരത്ത് സ്പോര്‍ട്സ്മന്ത്രിയുടെ ഔദ്യോഗികവസതിക്കുമുന്നില്‍ അനിശ്ചിതകാലസമരം തുടങ്ങാനാണ് ആലോചന. ഭാവിപരിപാടികള്‍ ആലോചിക്കുന്നതിനു കല്പറ്റയില് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, കായികരംഗത്തെസംഘടനകള്, ക്ലബ്ബുകള്‍ തുടങ്ങിയവയുടെ ഭാരവാഹികളുടെയോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സലിം കടവന്‍ പറഞ്ഞു.
ജില്ലാ സ്റ്റേഡിയത്തിനായുള്ള കായികപ്രേമികളുടെ കാത്തിരിപ്പിനു വര്‍ഷങ്ങളുടേതാണ് പഴക്കം. സ്റ്റേഡിയത്തിനാവശ്യമായ ഭൂമി കല്പറ്റയില്നിന്നു മൂന്നു കിലോമീറ്റര്‍ അകലെ മുണ്ടേരി മരവയലില്‍ 1998ല്‍ ലഭ്യമാക്കിയതാണ്. കല്പറ്റയിലെ പ്ലാന്ററുമായ എം.ജെ.വിജയപദ്മനാണ് 7.88 ഏക്കര്‍ ഭൂമി വിലയ്ക്കുവാങ്ങി സ്പോര്‍ട് കൗണ്‍സിലിനു വിട്ടുകൊടുത്തത്. ഇവിടെ വിജയപദ്മന്റെ പിതാവും മുന്‍ എം.പിയുമായ പരേതനായ എം.കെ.ജിനചന്ദ്രന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിക്കാനായിരുന്നു സ്പോര്‍ട്സ് കൗണ്‍സിലിന്റെ പദ്ധതി. മരവയലില്‍ കോവക്കുനി തോടിനോട് ചേര്‍ന്നാണ് സ്റ്റേഡിയം ഭൂമി. ഈ തോടിനു പാലം ഉണ്ടായിരുന്നില്ല. പാലം നിര്‍മിച്ചാലേ സ്റ്റേഡിയംപണി തുടങ്ങാനാകൂ എന്ന അവസ്ഥയില്‍ പൊതുപ്രവര്‍ത്തകര്‍ സമ്മര്‍ദം ചെലുത്തി രാജ്യസഭാംഗമായിരുന്ന എ.വിജയരാഘവന്റെ ഫണ്ടില്‍നിന്നു 30 ലക്ഷംരൂപ അനുവദിപ്പിച്ചു. ഈ തുക ഉപയോഗിച്ച് പാലം നിര്‍മിച്ചതിനുപിന്നാലെ 2009-10 ലെ സംസ്ഥാന ബജറ്റില്‍ സ്റ്റേഡിയത്തിനു 3.9 കോടി രൂപ വകയിരുത്തി. വൈകാതെ പൊതുമരാമത്ത് വകുപ്പ് സ്റ്റേഡിയത്തിന്റെ പ്ലാനും അടങ്കലും തയാറാക്കി. ഭൂമി മണ്ണിട്ട് നികത്തല്‍, 400 മീറ്റര്‍ ട്രാക്ക്, 100 പേര്‍ക്ക് താമസസൗകര്യമുള്ള ഹോസ്റ്റല്‍, പലവിയന്‍ ബ്ലോക്ക്, ഗ്രാന്‍ഡ് സ്റ്റാന്‍ഡ്, ഗാലറി, ഡ്രൈനേജ് എന്നീ പ്രവൃത്തികള്‍ ഉള്‍പ്പെടുന്നതായിരുന്നു അടങ്കല്‍. 2010 ഏപ്രില്‍ 28ന് അന്നത്തെ സ്പോര്‍ട്സ് മന്ത്രി എം.വിജയകുമാറാണ് സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല. സ്ഥലം നികത്തുന്നതിനു 3000ഓളം ലോഡ് മണ്ണിറക്കിയതിനുപിന്നാലെ പ്രവൃത്തി നിര്‍ത്തിവെച്ച കോര്പറേഷന് കരാറില്‍നിന്നു പിന്‍വാങ്ങി. ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു കാരണം. ഇതിനുശേഷം പ്രവൃത്തി പുനരാരംഭിക്കുന്നതിനു ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തിയ നീക്കങ്ങള്‍ ലക്ഷ്യം കണ്ടില്ല. അടങ്കല്‍ ഏഴ് കോടി രൂപയുടേതാക്കി പുതുക്കി സര്‍ക്കാരിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചെങ്കിലും തീരുമാനമായില്ല. ഫയല്‍ ധനവകുപ്പില്‍ ചുകപ്പുനാടയിലാണ്. സ്റ്റേഡിയം വിഷയത്തില്‍ അളമുട്ടിയപ്പോഴാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. മുഖ്യമന്ത്രി ഇടപെട്ടതിനെത്തുടര്‍ന്ന് മരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ രണ്ടുതവണ മരവയലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം കായികപ്രേമികളില്‍ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. തടസ്സങ്ങള്‍ നീങ്ങുമെന്നും പ്രവൃത്തി ഉടന്‍ തുടങ്ങുമെന്നും അവര്‍ കരുതി. ഇത് അസ്ഥാനത്തായ സാഹചര്യത്തിലാണ് സമരത്തിനുള്ള നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: