കോഴിക്കോട്: ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറി സ്ഥിരം വ്യാപാര ബങ്ക് നിര്‍മിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം ദേവഗിരി റോഡില്‍ വാട്ടര്‍ അതോറിറ്റി ടാങ്കിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് ഏതാനും ദിവസങ്ങളായി അനധികൃത നിര്‍മാണ പ്രവൃത്തി നടന്നിരുന്നത്. അവസാനഘട്ടത്തിലെത്തിയ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ട വാട്ടര്‍ അഥോറിറ്റി അധികൃതര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ വിവരമറിയിക്കുകയും ഇന്നലെ പോലീസെത്തി ജോലി നിര്ത്തിവയ്പ്പിക്കുകയുമായിരുന്നു. നഗരത്തിലെ വിവിധിയിടങ്ങളിലെക്ക് വെള്ളം വിതരണം ചെയ്യുന്ന ടാങ്കാണ് ദേവഗിരി റോഡിലുള്ളത്. കോവൂര്‍ ടാങ്ക് എന്നറിയപ്പെടുന്ന ഇതിന്റെ പരിസരത്ത് ഉന്തുവണ്ടി പെട്ടിക്കടകച്ചവടക്കാര് നിരവധിയുണ്ട്. വാട്ടര്‍ അതോറിറ്റി ആവശ്യപ്പെടുമ്പോള്‍ വണ്ടികള്‍ നീക്കം ചെയ്യുകയാണ് പതിവ്. എന്നാല്‍ സ്ഥിരം ബങ്ക് നിര്‍മിക്കാനായിരുന്നു കഴിഞ്ഞദിവസങ്ങളിലായുള്ള ശ്രമം. കോര്പറേഷന് അനുമതിയുണ്ടെന്ന രീതിയിലായിരുന്നു നിര്‍മാണം. ജോലിക്കു നേതൃത്വം നല്‍കുന്നവരും ഇക്കാര്യം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ അറിയില്ലെന്നും വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.വാട്ടര്‍ അഥോറിറ്റിയുടെ സ്ഥലം കൈയേറി നിര്‍മാണം നടത്താനുള്ള നീക്കത്തില്‍ വകുപ്പിലെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: