ഇടുക്കി : വൃക്കരോഗികളുടെ ജീവിത ദുരിതങ്ങള്‍ക്ക് സഹായഹസ്തമാകുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി ശ്രദ്ധേയമാകുന്നു. ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ പദ്ധതികള്‍ നടപ്പാക്കി ഭാരതത്തിന് മാതൃകയാവുകയും മൂന്ന് തവണ ദേശീയ പുരസ്കാരത്തിനര്ഹമാവുകയും ചെയ്ത ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കര്‍മ്മ പദ്ധതിയാണ് ഇത്. ഡയാലിസിസ് വേണ്ടിവരുന്ന രോഗികള്‍ക്ക് വിവിധ ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വൃക്കരോഗം മൂലം കഷ്ടപ്പെടുന്നവരെ ആശാപ്രവര്‍ത്തകരുടെ സഹായത്തോടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും കണ്ടെത്തി പേഷ്യന്റ് കാര്‍ഡുകള്‍ നല്‍കുകയും ഒരു ഡയാലിസിസിന് 1000 രൂപ വീതം ധനസഹായം നല്‍കുകയും ചെയ്യുന്നു. 50 പേര്‍ക്കാണ് ഇപ്പോള്‍ ധനസഹായം നല്കി വരുന്നത്. പദ്ധതി വിഹിതമായി 7,50,000 രൂപ വെല്‍ഫെയര്‍ സൊസൈറ്റിക്കായി നീക്കി വച്ചിട്ടുണ്ട്. ജീവിതശൈലി രോഗങ്ങളുടെ ആധിക്യവും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളും വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്ന ഇക്കാലത്ത് ഭാരിച്ച ചികിത്സാചെലവുകള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി ഒരു കൈത്താങ്ങായി മാറുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എപി ഉസ്മാന് അഭിപ്രായപ്പെട്ടു. മലയോര മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നില്‍ പോലും ഡയാലിസിസ് സേവനം ലഭ്യമല്ല. ഈ സാഹചര്യം പരിഗണിച്ച് ബ്ലോക്ക് പഞ്ചായത്തിന് ദേശീയ പുരസ്ക്കാരമായി ലഭിച്ച 20 ലക്ഷം രൂപ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഒരു ഡയാലിസിസ് സെന്റര്‍ തുടങ്ങുന്നതിനായി മാറ്റിവച്ചിട്ടുണ്ട്.
തുടര്‍ പദ്ധതിയുടെ ഭാഗമായി നവംബറില്‍ സഞ്ചരിക്കുന്ന വൃക്കരോഗ പരിശോധന യൂണിറ്റ് ആരംഭിക്കും. വിദഗ്ധരായ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഓരോ പഞ്ചായത്തുകളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് വൃക്കരോഗം നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തുകയും പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയുമാണ് മൊബൈല്‍ യുണിറ്റിന്റെ
ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: