പാനൂര്‍: സിപിഎമ്മിലും ആര്‍എസ്എസ് പിടിമുറുക്കുന്നതായി പാര്‍ട്ടിക്കകത്ത് ചര്‍ച്ചയാകുന്നു. ബിജെപി പുറത്താക്കി സിപിഎമ്മില്‍ ചേര്‍ന്ന നേതാക്കളാണ് പാര്‍ട്ടിക്കിടയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ആക്ഷേപം. ശ്രീകൃഷ്ണജയന്തി, ഗണേശോത്സവം തുടങ്ങിയ ഹൈന്ദവ ആഘോഷങ്ങളിലേക്ക് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎമ്മിനെ വലിച്ചിഴച്ചത് പുതുസഖാക്കളായ കണ്ണൂരിലെ ധീരജ്, ചെറുവാഞ്ചേരിയിലെ എ.അശോകന്, ഒ.കെ.വാസു എന്നിവരാണെന്ന രൂക്ഷവിമര്‍ശനമാണ് പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നിട്ടുള്ളത്. ഇത് പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്നും പുകയുകയാണ്.
2013 ഡിസംബറില്‍ സിപിഎമ്മില്‍ ചേര്‍ന്നതിനു ശേഷം കണ്ണൂരില്‍ ആദ്യമായി സിപിഎം ഗണേശോത്സവം സംഘടിപ്പിച്ചിരുന്നു. ഇതിന് സിപിഎം വിശ്വാസത്തിനെതിരെല്ലായെന്ന വാദമുഖവും പി.ജയരാജന് നിരത്തി. ഇത് പുതുസഖാക്കളെ സംരക്ഷിക്കാനായിരുന്നു. ഇതിനെ തുടര്‍ന്നു പയ്യന്നൂര്‍, കണ്ണൂര്‍ ഏരിയാകമ്മറ്റികള്‍ പ്രതിഷേധം ജില്ലാ കമ്മറ്റിയില്‍ അറിയിച്ചെങ്കിലും ബിജെപിയില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ വരാന്‍ വേണ്ടിയുളള അടവുനയം മാത്രമാണിതെന്നും, നേരിട്ട് സിപിഎം ഇത്തരം ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമുള്ള മറുപടിയാണ് ജില്ലാസെക്രട്ടറി പി.ജയരാജന് കൊടുത്തത്. പൊയിലൂര്‍ മഠപ്പുര ക്ഷേത്രത്തില്‍ നടന്ന അഷ്ടമംഗല്യ പ്രശ്നത്തിനു ശേഷം പരിഹാരകര്‍മ്മങ്ങള്‍ക്ക് ഒകെ.വാസു വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശിച്ചപ്പോഴും അപകടങ്ങള്‍ പാനൂര്‍ ഏരിയാ കമ്മറ്റിയും സൂചിപ്പിച്ചിരുന്നു. അത്യാറക്കാവില്‍ എ.അശോകന് പോകുന്നതടക്കം നിരീക്ഷണ വിധേയമായിരുന്നു. എന്നാല്‍ പി.ജയരാജന് തന്റെ അപ്രമാദിത്വത്താല്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തൃണവല്‍ഗണിക്കുകയായിരുന്നു.
ഹൈന്ദവാഘോഷങ്ങള്‍ ആര്‍എസ്എസ് ഹൈജാക്ക് ചെയ്യുന്നത് തടയണമെന്ന നിലപാട് സംസ്ഥാനകമ്മറ്റിയിലും കണ്ണൂര്‍ ലോബി ഉയര്‍ത്തി. കുട്ടികളെയും മഹിളകളെയും ഏറെ സ്വാധീനിക്കുന്ന ശ്രീകൃഷ്ണജയന്തി നടത്തണമെന്ന ഉപദേശവും പുതുസഖാക്കള്‍ നല്കി. ഇത് പാടില്ലെന്ന് മുതിര്‍ന്ന നേതാക്കളായ എകെ.നാരായണന് എംഎല്‍എ, ജെയിംസ്മാത്യൂ എംഎല്‍എ, പികെ.ശ്രീമതി എംപി തുടങ്ങിയവര്‍ അസന്നിഗ്ധമായി ആവശ്യപ്പെട്ടെങ്കിലും പി.ജയരാജന് പരീക്ഷണത്തിന് തയ്യാറാകണമെന്ന് ഉറച്ച നിലപാടിലായിരുന്നു. നേരിട്ടു നടത്താതെ ഓണാഘോഷത്തിന്റെ മറപറ്റിയാകാമെന്നും ധാരണയാകുകയായിരുന്നു. തുടക്കമെന്ന നിലയില്‍ ബാലഗോകുലം നടത്തുന്ന ശോഭായാത്രയില്‍ ആളെ കുറയ്ക്കാന്‍ പരിപാടി സംഘടിപ്പിക്കുകയായിരുന്നു ഇന്നലെ ഉദ്ദേശിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ജനങ്ങള്‍ ശിരസിലേറ്റിയ ബാലഗോകുലത്തിന്റെ ആഘോഷത്തിന് ഗരിമ വര്‍ദ്ധിക്കുന്നതാണ് കാണാന്‍ സാധിച്ചത്. ഇതിനെ തുടര്‍ന്നാണ് പുതുസഖാക്കള്ക്കെതിരെ പരസ്യ വിമര്‍ശനമുയര്‍ന്നത്. ആര്‍എസ്എസിന്റെ ഹിഡന്‍ അജഡയാണോ എ.അശോകന് നടത്തുന്നതെന്ന ചോദ്യവുമുയര്ന്നത്രേ. കൂത്തുപറമ്പ്, ചെറുവാഞ്ചേരി, പൊയിലൂര്‍, കണ്ണൂര്‍ ടൗണ്‍ എന്നിവിടങ്ങളില്ലെല്ലാം അഭൂതപൂര്‍വ്വമായ ജനസഞ്ചയങ്ങള്‍ സിപിഎം ഭീഷണി വകവെയ്ക്കാതെ ശോഭായാത്രയില്‍ അണിനിരന്നത് പി.ജയരാജന് വിഭാഗത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നുമുളള വ്യതിചലനമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. നവമാധ്യമങ്ങള്‍ ഹൈന്ദവ ആഘോഷങ്ങളിലെ സിപിഎം നിലപാടിനെതിരെ വലിയ ഇടപ്പെടല്‍ നടത്തിയതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും. ബാലസംഗമങ്ങള്‍ നടത്താന്‍ ശ്രീകൃഷ്ണജയന്തി ദിനം കണ്ടെത്തിയത് ആയിത്തറയിലെ പുതുസഖാവിന്റെ ബുദ്ധിയായിരുന്നു. ബാലഗോകുലത്തിന്റെ സര്‍ഗാത്മകത അനുഭവിച്ചറിഞ്ഞ ചിട്ടി മിന്നിയുടെ ഇടപ്പെടല്‍ ആയിത്തറയില്‍ വന്പ്രതിഷേധമുയര്ത്തുന്നുണ്ട്. ഇയാളെ പാര്‍ട്ടിയിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ച ഡിവൈഎഫ്ഐ നേതാവ് ഇപ്പോള്‍ സജീവമല്ല. ഡിവൈഎഫ്ഐ ജില്ലാകമ്മറ്റിയില്‍ ഈ മിന്നും താരത്തെ തിരുകിക്കയറ്റാന്‍ പി.ജയരാജന് ശ്രമിച്ചതാണ് ബ്ലോക്ക് നേതാവിനെ ചൊടിപ്പിച്ചത്. അതിനു പുറമെ പല വിഷയങ്ങളിലും ഇയാള്‍ ഇടപ്പെടല്‍ നടത്തുന്നതായും ഉന്നത നേതാക്കളുമായി ബന്ധം വെക്കുന്നതായും ഒരു വിഭാഗം പറയുന്നു. ഇത് അപകടകരമാണെന്ന സൂചന ജില്ലാഘടകത്തിന് നല്‍കിയിട്ടുണ്ടെന്ന് കൂത്തുപറമ്പിലെ ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു.
തലശേരി ഫസല്‍ വധത്തിലെ നുണപ്രചരണത്തിനു പിന്നിലെ കാരണക്കാരും പുതുസഖാക്കള്‍ തന്നെയാണെന്നും അത് ഒഴിവാക്കാമായിരുന്നെന്നും വാദിക്കുന്നവരുമുണ്ട്. ന്യൂനപക്ഷങ്ങളും ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഈ സംഭവങ്ങളോടെ കാലുമാറികള്ക്കെതിരെ പാര്‍ട്ടിക്കിടയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നു കഴിഞ്ഞു. 2000 ആളുകള്‍ വരുമെന്നു പറഞ്ഞ് പാനൂരില്‍ നിന്നും പിണറായി വിജയന് സ്വീകരിച്ചവരില്‍ ഏറിയ പങ്കും ഘര്‍വാപസി ആയി ക്കഴിഞ്ഞു. പൊയിലൂരില്‍ ഒകെ.വാസു ഒഴികെ സിപിഎമ്മില്‍ ചേര്‍ന്ന മുഴുവന്‍ പ്രവര്‍ത്തകരും കുടുംബങ്ങളും പൊയിലൂരില്‍ നടന്ന ശോഭായാത്രയില്‍ അണിനിരന്നു. ചെറുവാഞ്ചേരിയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ആര്‍എസ്എസിന്റെ ഗുരുദക്ഷിണയിലടക്കം പാര്‍ട്ടി മാറിയ പ്രവര്‍ത്തകര്‍ സംബന്ധിച്ചിരുന്നു. അമ്പാടിമുക്കില്‍ നിന്നും നേരത്തെ പാര്‍ട്ടി മാറിയവര്‍ തിരികെ വന്നിരുന്നു. ഇത് പി.ജയരാജനെ സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്. ഇനിയും ഘര്വാപസിയുണ്ടാകുമോയെന്ന ആശങ്കയിലാണ് പി.ജയരാജനും കൂട്ടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: