ശ്രീനഗര്‍: വെറും പതിനൊന്നു ദിവസത്തിനുള്ളില്‍ പത്തു ഭീകരരെ വധിക്കുകയും ഒരാളെ ജീവനോടെ പിടിക്കുകയും ചെയ്ത കമാന്‍ഡോ ലാന്‍സ് നായിക് മോഹന്‍നാഥ് ഗോസ്വാമിക്ക് വീരചരമം. വ്യാഴാഴ്ച ഹന്ദ്വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് രാഷ്‌ട്രത്തിനുവേണ്ടി അദ്ദേഹം ബലിദാനിയായത്. ഭീകരരെ നേരിടാനുള്ള പ്രത്യേക സേനയിലെ കമാന്‍ഡോയായിരുന്നു ഗോസ്വാമി.
കഴിഞ്ഞ പതിനൊന്ന് ദിവസത്തിനുള്ളില്‍ ഭീകരുമായുള്ള മൂന്ന് ഏറ്റുമുട്ടലുകളിലാണ് ഗോസ്വാമി സജീവമായി പങ്കെടുത്തത്. പോരാട്ടങ്ങളില്‍ പത്തു ഭീകരരെ കൊന്നു, ഒരാളെ ജീവനോടെ പിടിക്കുകയും ചെയ്തു. ഉദ്ധംപൂരിലെ പ്രതിരോധ വക്താവ് ജിഡി ഗോസ്വാമി പറഞ്ഞു.
2002ലാണ് മോഹന്‍നാഥ് ഗോസ്വാമി സൈന്യത്തിന്റെ പ്രത്യേക കമാന്‍ഡോ വിഭാഗത്തില്‍ എത്തിയത്. ഈ വിഭാഗത്തിലെ ഏറ്റവും കരുത്തരില്‍ ഒരാളായിരുന്നു. ജമ്മുകശ്മീരില്‍ നിരവധി കമാന്‍ഡോ ഒാപ്പറേഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞ പതിനൊന്ന് ദിവസങ്ങള്‍ക്കുള്ളിലുണ്ടായ ഓപ്പറേഷനുകളില്‍ ആദ്യത്തേത് നടന്നത് ആഗസ്റ്റ് 23നായിരുന്നു. ഹന്ദ്വാരയിലെ ഏറ്റുമുട്ടലില്‍ പാക്കിസ്ഥാനികളായ മൂന്ന് ലഷ്‌ക്കര്‍ ഭീകരരെയാണ് വകവരുത്തിയത്. റാഫിയബാദിലെ പോരാട്ടം 26, 27 തീയതികളിലായിരുന്നു. ഇതിലും മൂന്ന് ലഷ്‌ക്കര്‍ ഭീകരരെ വകവരുത്തി. ഈ ഏറ്റുമുട്ടലിലാണ് പാക് ഭീകരന്‍ സജ്ജദ് അഹമ്മദ് എന്ന അബു ഉബൈദുള്ളയെ ജീവനോടെ പിടിച്ചത്. കുപ്‌വാരയിലെ ഹഫ്രുദയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരരെ വധിച്ചു. ഇതിലാണ് മോഹന്‍നാഥ് ഗോസ്വാമി കൊല്ലപ്പെട്ടത്.
യുപിയില്‍ ബറേലിക്കടുത്ത് നൈനിറ്റാളിലെ ഹല്‍ദ്വാനിയിലെ ഇന്ദിരാ നഗര്‍ സ്വദേശിയാണ് ഗോസ്വാമി. വീരബലിദാനിയുടെ ഭൗതികശരീരം വ്യോമസേനയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കും. അവിടെ സമ്പൂര്‍ണ് ഔദ്യോഗിക ബഹുമതിയോടെ സംസ്‌ക്കരിക്കും. ഭാര്യയും ഏഴുവയസുള്ള മകളുമുണ്ട്.
















