ന്യൂദല്‍ഹി: ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ഭാരതത്തില്‍ ആക്രമണം നടത്താന്‍ പാക് ഭീകരസംഘടനകള്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ക്കും മറ്റുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്.
ആളില്ലാ വിമാനങ്ങളും ഡ്രോണുകളും പാരാഗ്‌ളൈഡറുകളും ബലൂണുകളും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പറത്തുന്ന ഉപകരണങ്ങളും ഭാരം കുറഞ്ഞ വിമാനങ്ങളും മറ്റും ഉപയോഗിച്ച് ഭാരതത്തില്‍ ആക്രമണം നടത്താനാണ് അവരുടെ പദ്ധതി. ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഷ്‌ക്കര്‍ ഭീകരന്‍ അബുജിന്‍ഡാല്‍ എന്ന സെയ്ദ് സൈബുദ്ദീന്‍ അന്‍സാരി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സെയ്ദ് ഇസ്മായേല്‍ അഫാക്ക് ലങ്ക, ഖാലിസ്ഥാനി ഭീകരന്‍ ജഗതാര്‍ സിംഗ് താര എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിവായത്.
തെരഞ്ഞെടുക്കപ്പെട്ട ലഷ്‌ക്കര്‍ ഭീകരര്‍ക്ക് വിമാനങ്ങള്‍ പറത്താനുള്ള പരിശീലനം നല്‍കുന്നുണ്ടെന്നും അബു ജിന്‍ഡാല്‍ സമ്മതിച്ചിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയും ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്. ഭീകരര്‍ക്ക് പാരച്ച്യൂട്ടില്‍ നിന്ന് ചാടാനുള്ള പരിശീലനം നല്‍കുന്നത് ഐഎസ്‌ഐയാണ്. ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളില്‍ നിന്ന് പാരാഗ്‌ളൈഡറുകള്‍ വാങ്ങാന്‍ പാക് ഭീകര സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണുകള്‍ നിര്‍മ്മിക്കാനുള്ള സങ്കേതിക വിദ്യയും അവര്‍ പഠിക്കുകയാണ്.
ജനുവരിയില്‍ ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ അഫാഖ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനാണ്. തനിക്ക് ഗ്‌ളൈഡിംഗില്‍ കമ്പമുണ്ടെന്നും ഇയാള്‍ പറയുന്നു. 2013 നവംബറില്‍ ഗോവയില്‍ പാരാഗ്‌ളൈഡിംഗില്‍ അഞ്ചു ദിവസത്തെ പരിശീലനവും ഇയാള്‍ നേടിയിട്ടുണ്ട്. രണ്ടു മാസം കഴിഞ്ഞ് ഇയാള്‍ അമേരിക്കയില്‍ നിന്ന് രണ്ട് പഴയ ഗ്‌ളൈഡര്‍ വാങ്ങുകയും ചെയ്തു. ഇതിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ ബംഗളൂരുവില്‍ നിന്നാണ് വാങ്ങിയത്.
ഐഎസ്‌ഐയും പാക്കിസ്ഥാനിലെ സിഖ് ഭീകര സംഘടനയും ചേര്‍ന്ന് സ്‌പെയിനില്‍ നിന്ന് ഗ്‌ളൈഡര്‍ വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്ന് ജഗതാര്‍ സിംഗ് താരയും പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്ന് ഗ്‌ളൈഡറുകളില്‍ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കയറ്റി സിഖ് നേതാവ് ദേരാ സച്ച സൗദയുടെ സിസയിലെ കേന്ദ്രത്തില്‍ ഇടാന്‍ പദ്ധതിയും ഇട്ടിരുന്നു. എന്നാല്‍ ഈ പദ്ധതി പൊളിഞ്ഞിരുന്നു.
രണ്ടു പേര്‍ക്ക് കയറാന്‍ കഴിയുന്ന മോട്ടോര്‍ ഗ്‌ളൈഡര്‍ പത്തു ലക്ഷം രൂപയ്‌ക്ക് ഇവര്‍ വാങ്ങിയിരുന്നതായി ഐബി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 150 കിലോ ഭാരം വഹിച്ച് 70 കിലോമീറ്റര്‍ പറക്കാന്‍ ശേഷിയുള്ളതായിരുന്നു ഈ ഗ്‌ളൈഡര്‍.
















