മേപ്പാടി: എച്ച്.എം.എല്‍. കമ്പനി പ്രഖ്യാപിച്ച 8.33 ശതമാനം ബോണസ് ജില്ലയിലെ നാലുതോട്ടങ്ങളൊഴികെ സംസ്ഥാനത്തെ 18 തോട്ടങ്ങളിലെ തൊഴിലാളികളും ജീവനക്കാരും ഓണത്തിന് മുമ്പുതന്നെ കൈപ്പറ്റിയ സാഹചര്യത്തില്‍ ജില്ലയിലെ ഒരു യൂണിയന് മാത്രം തൊഴിലാളികളോട് ബോണസ് വാങ്ങിക്കരുതെന്ന നിലപാട് സ്വീകരിച്ചത് തൊഴിലാളികളെ ഭിന്നിപ്പിക്കാന്‍ മാത്രമെ ഉതകുവെന്നും കുപ്രചരണങ്ങള്‍ തൊഴിലാളികള്‍ തിരിച്ചറിഞ്ഞ് തള്ളികളയണമെന്നും മേപ്പാടിയില്‍ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന് പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ശമ്പളം കാലതാമസം കൂടാതെ വിതരണം ചെയ്യുക, ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ കമ്പനി തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. കണ്‍വെന്‍ഷനില്‍ പി.കെ. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. മൂര്‍ത്തി, ബി. സുരേഷ് ബാബു, പി.വി. കുഞ്ഞുമുഹമ്മദ്, പി.കെ. മുരളീധരന്, എന്‍. വേണു, എന്‍.ഒ. ദേവസി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: