കൊച്ചി: ബിജെപി ജില്ലാ പ്രസിഡന്റിനും പാര്‍ട്ടിക്കുമെതിരെ കഴിഞ്ഞദിവസം മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത വസ്തുത വിരുദ്ധമാണെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലാ പ്രസിഡന്റിനെതിരെ വാര്‍ത്തയില്‍ പറയുന്നതരത്തിലുള്ള പരാതി സംസ്ഥാന പ്രസിഡന്റിനു ലഭിച്ചതായി അറിയില്ല. ഒന്നരവര്‍ഷം മുന്‍പ് എറണാകുളം മണ്ഡലം കമ്മറ്റിയില്‍ ചിലര്‍ കൊണ്ടുവന്ന പ്രമേയത്തിന്റെ കോപ്പിയാണ് പരാതി എന്ന രീതിയില്‍ ഇപ്പോള്‍ പത്രത്തില്‍ വന്നിട്ടുള്ളത്. അപ്പോള്‍ തന്നെ അതിന് അവതരണാനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ജില്ല പ്രസിഡന്റിനെതിരെ പരാതി സംബന്ധമായ ഒരു അന്വേഷണവും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ചില ആള്‍ക്കാരെ സെല്‍ കണ്‍വീനര്‍മാരാക്കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ടിഡി ഭാഗത്തെ ചില പ്രവര്‍ത്തകര്‍ ഉന്നയിച്ച കാലഹരണപ്പെട്ട ആരോപണങ്ങള്‍ക്ക് ഇത്രയും വാര്‍ത്താപ്രാധാന്യം കൊടുത്തതില്‍ ദുരൂഹതയുണ്ട്.
നോക്കുകൂലിയും ഗുണ്ടാപിരിവും ബിജെപിയുടെ അജണ്ടയല്ല. വ്യാപാരി സംഘടനകളോ വ്യാപാരികളോ ഒന്നും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടില്ല. വ്യാപാരി സമൂഹവുമായി വളരെ നല്ല ബന്ധമാണ് പാര്‍ട്ടിക്കുള്ളത്. സെല്‍ കണ്‍വീനര്‍മാര്‍ക്ക് സജീവാംഗത്വം ആവശ്യമില്ല. നിയമനം പ്രസിഡന്റിന്റെ അധികാരത്തില്‍പ്പെട്ടതുമാണ്. നിലവില്‍ പതിനാറ് സെല്‍ കണ്‍വീനര്‍മാരുണ്ട്. അവര്‍ ഉള്‍പ്പെടെ ആരായാലും അനധികൃത പിരിവോ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളോ നടത്തിയാല്‍ നടപടി ഉണ്ടാകും. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പാര്‍ട്ടിയെ സമീപിക്കാം. ബിജെപിയുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല. അതു നിയന്ത്രിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും പത്രങ്ങളിലൂടെയും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ചില അഞ്ചാംപത്തികളുടെ ശ്രമമാണ് വാര്‍ത്തയ്‌ക്കു പിന്നില്‍. ഇതേക്കുറിച്ച് അന്വേഷിക്കുവാന്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.പി.രാജനേയും ടി.പി.മുരളീധരനെയും അന്വേഷണ കമ്മീഷനായി നിയമിച്ചിട്ടുണ്ടെന്നും ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ് അറിയിച്ചു.
















