കൊച്ചി: രാജ്യത്താദ്യമായാണ് ഒരു പൊതുജനാരോഗ്യ പദ്ധതിക്കായി എട്ട് രാജ്യസഭാംഗങ്ങള്‍ കൈകോര്‍ക്കുന്നത്. കാന്‍സര്‍ ചികിത്സാരംഗത്തെ നൂതന സംവിധാനമായ ലിനാക് (ലീനിയര്‍ ആക്‌സിലറേറ്റര്‍) എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നതിനായാണ് എംപിമാരുടെ ഈ വലിയ കൂട്ടായ്‌മ ഒത്തൊരുമിച്ചത്.
രാജ്യസഭയില്‍ രാഷ്‌ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന 12 എം.പി മാരില്‍ ആറു പേരാണ് ഇപ്പോള്‍ പദ്ധതിയെ പിന്തുണച്ചിട്ടുളളത്. വൈകാതെ സച്ചിന്‍ തെണ്ടുല്‍ക്കറും പദ്ധതിക്കു സഹായവുമായെത്തുമെന്നു പ്രതീക്ഷിക്കുന്നു.
സ്വീഡിഷ് കമ്പനിക്കാണ് ഇതിന്റെ നിര്‍മാണ ചുമതല. ഭൂമിക്കടിയിലെ കെട്ടിടത്തിനു മാത്രം രണ്ടരക്കോടി രൂപയോളം ചെലവാകും. കീമോ തെറാപ്പിയില്‍ ഇതുപോലുളള സൗകര്യം കേരളത്തില്‍ വിരളമാണ്. എട്ടു മാസത്തിനകം പദ്ധതി യാഥാര്‍ഥ്യമാകും.
എച്ച്.കെ.ദുവയെ കൂടാതെ സി.പി.നാരായണന്‍, ഡോ.ബി.ജയശ്രീ, മൃണാള്‍ മിരി, ഡോ.അശോക് എസ്.ഗാംമുലി, കെ.ടി.തുള്‍സി, കെ.പരാശരന്‍ എന്നിവരുടെ എം.പി ഫണ്ടും, കൊച്ചി കപ്പല്‍ശാല, കൊച്ചി റിഫൈനറി, കനറ ബാങ്ക് എന്നിവയുടെ സാമൂഹിക ഉത്തരവാദിത്ത നിധിയും പദ്ധതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
















