പേട്ട: ഇടതു -വലതു രാഷ്ട്രീയ പാര്‍ട്ടികളുടെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നഗരത്തിലെ വ്യാവസായിക, ഐടി മേഖലയെ ബാധിച്ചില്ല.
പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ആറോളം ട്രേഡ് യൂണിയനുകള്‍ പണിമുടക്കിയെങ്കിലും ബിഎംഎസിന്റെ ആഹ്വാനമനുസരിച്ച് 50 ശതമാനത്തിലേറെ തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിച്ചു. എല്ലാ പ്ലാന്റുകളും പ്രവര്‍ത്തിച്ചു. ഉത്പാദനത്തിലും കുറവ് വന്നിട്ടില്ല. സ്വകാര്യ സ്ഥാപനമായ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേസില് വേളിയിലും തോന്നയ്ക്കലുമായി 70 ശതമാനത്തിലേറെ പേര് ജോലിക്ക് കയറി. ഇവിടെയും ഉല്പാദനം തടസ്സപ്പെട്ടില്ല.
ഐടി മേഖലയായ ടെക്നോപാര്‍ക്ക്, ഇന്‍ഫോസിസ് എന്നിവിടങ്ങളിലും പണിമുടക്ക് ബാധിച്ചില്ല. പതിവുപോലെ എല്ലാ ജീവനക്കാരും ജോലിയില്‍ പ്രവേശിച്ചു. ആര്.ആര് ഡൗണ്ലി പോലുള്ള ചില കമ്പനികള്‍ പണിമുടക്ക് ദിവസമായ ഇന്നലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇരട്ടി ശമ്പളവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ഥാപനത്തിന് അവധി കൊടുത്ത കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിലെ ഗാര്‍മെന്റ്സ് കമ്പനികള്‍ വരുന്ന ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയിരിക്കുകയാണ്. പൊതുവില്‍ വ്യാവസായിക മേഖല പണിമുടക്കില്‍ പ്രതികൂല സമീപനമാണ് സ്വീകരിച്ചതെന്നു വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: