മലപ്പുറം: കുടുംബശ്രീയുടെ സംസ്ഥാനവാര്‍ഷിക വേദിയില്‍ സ്നേഹിത ജെഡര്‍ ഹെല്പ് ഡസ്ക്കിന്റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശന സ്റ്റാളുകള്‍ സജ്ജമാക്കും. അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരായ സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിനായാണ് കുടുംബശ്രീയുടെ കീഴില്‍ ജില്ലയില്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്ക്ക് ആരംഭിച്ചത്. ജില്ലയില്‍ 2013 സെപ്തംബര്‍ അഞ്ചിന് പൂക്കോട്ടൂരില്‍ തുടങ്ങിയ സ്നേഹിതയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരം കേസുകളില്‍ ഗാര്‍ഹിക പീഡനം,സ്ത്രീധനം,ലൈംഗിക പീഡനം, ഇതരസംസ്ഥാന പെണ്‍കുട്ടികളെ ചൂഷണം ചെയ്യല്‍ തുടങ്ങിയ പരാതികളാണ് കൂടുതലുമുള്ളത്. തുടര്‍ന്ന് ആവശ്യമായ നിയമ സഹായം നല്‍കിയും കൗണ്‍സലിങ്, പുനരിധിവാസ സഹായം, താത്ക്കാലിക അഭയം കേന്ദ്രം, മാനസികവും സാമൂഹികമായ പിന്തുണ എന്നിവ നല്‍കും. സംസ്ഥാനത്ത് തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളിലാണ് സ്നേഹിത പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം മുതല്‍ പാലക്കാട്, ആലപ്പുഴ, വയനാട് ജില്ലകളില്‍ സ്നേഹിത പ്രവര്‍ത്തനമാരംഭിച്ചു. കണ്ണൂര്‍,കോഴിക്കോട്,കാസര്‍കോട് ജില്ലയുടെ ചുമതലയുള്ള സ്നേഹിതയിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ പരാതികള്‍ നല്കാന് 8281771700 നമ്പറില്‍ ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍ 18004256864.
പ്രതികരിക്കാൻ ഇവിടെ എഴുതുക: