വെള്ളിക്കമ്പികള്‍പോലെ തിളക്കവും പ്രായംകൊണ്ട് കനപ്പുമുള്ള നീളന്‍ താടിയുള്ള സര്‍ദാര്‍ജിയുടെ ഡാബയില്‍ പറാത്തയും തയിരും വാങ്ങിക്കാന്‍ ചെന്നുകയറിയ ഒരു പ്രഭാതത്തിലാണ് ഞാന്‍ അവനെ കണ്ടത്.
നീളവും വീതിയും പേരിനു മാത്രമുള്ള കൈ നീട്ടിയാല്‍ ഉത്തരത്തില്‍ തൊടാവുന്ന കുടുസു മുറിയില്‍ അടുപ്പിച്ചടുപ്പിച്ചിട്ടിട്ടുള്ള വൃത്തിയില്ലാത്ത ഈച്ച പറക്കുന്ന മേശകളില്‍ ഒന്നിന്റെ മുന്പില് ഇരുന്നു ചെറിയ സ്ഫടിക ഗ്ലാസില്‍ നിന്നും ചൂട് പറക്കുന്ന ചായ ഊതിയൂതി കുടിക്കുകയായിരുന്നു അവന്.
മുഷിഞ്ഞു നരച്ച തോല് കയ്യുറകള്‍ അവന്റെ മുന്പില് ഊരി വെച്ചിട്ടുണ്ടായിരുന്നു. തണുപ്പ് കാലത്ത് വാഹനമോടിക്കാന്‍ അവ ആവശ്യമാണ്.
ചായ കുടിച്ചു ശരീരം വിയര്ത്തിട്ടാവണം. ധരിച്ചിരുന്ന തുകല്‍ കോട്ട് അവന് ഊരി മാറ്റി. ചുവന്ന ടീ ഷര്‍ട്ടിനടിയില്‍ വിരിഞ്ഞ മാംസപേശികള്‍.
സര്‍ദാര്‍ജി എന്റെ പറാത്തകള്‍ ചുട്ടെടുക്കാന്‍ തീകത്തുന്ന മണ്ണടുപ്പിനു അടുത്തേക്ക് പോയപ്പോള്‍ ഞാന്‍ അവന്റെ നേരെ മുന്നിലെ കസേരയില്‍ ചെന്നിരുന്നു.
അവന് തല ഉയര്‍ത്തി എന്നെ നോക്കി.
അവന്റെ കണ്ണുകള്‍ക്ക് എനിക്കിഷ്ടമുള്ള ചാര നിറം.
ഞാന്‍ അവനെ നോക്കി പുഞ്ചിരിച്ചു.
അവന് തിരിച്ചും.
സര്‍ദാര്‍ജി പറാത്തകള്‍ മൊരിയുന്ന തവയില്‍ ഇട്ടു അരികുകളിലൂടെ എരുമ നെയ് കോരിയൊഴിച്ചു .
തവ ‘ശീീീ’എന്ന് ഒച്ചയിട്ടു .
സര്‍ദാര്‍ജി വിറകു കഷണം പെറുക്കി അടുപ്പിലിട്ടു. തീ ആളിക്കത്തി.
തണുപ്പിനിടയിലൂടെ ചൂടിന്റെ ചെറിയ വിരലുകള്‍ എന്റെ പാദങ്ങളിലും കണങ്കാലിലും അരിച്ചു കയറി.
ഞാന്‍ അവനെ നോക്കി.
‘എന്റെ കൂടെ വരുന്നോ?’
അവന് ചോദിച്ചു.
‘നമുക്ക് പറക്കാം’
അവന് വശ്യമായി പുഞ്ചിരിച്ചു.
നിരയൊത്ത വെളുത്ത പല്ലുകള്‍.
ചൂട് കണങ്കാലില്‍ നിന്നും മുകളിലേക്ക് കയറി. അവന്റെ കണ്ണുകള്‍ ഇപ്പോള്‍ പുലിക്കണ്ണുകള്‍ ആയി തിളങ്ങുന്നു. ശ്വാസോച്ഛ്വാസത്തോടൊപ്പം ഉയര്‍ന്നു താഴുന്ന നെഞ്ചിലെ മാംസ പേശികള്‍ എനിക്ക് കാണാനാവുന്നുണ്ട് .
അപ്പോഴാണ് ഞാന്‍ അത് ശ്രദ്ദിച്ചത്. അവന്റെ ശരീരത്തിന് ഇരു ഭാഗത്തുനിന്നും എന്തോ മെല്ലെ മെല്ലെ മുളച്ചു വരുന്നു. അത് വലുതായി വലുതായി വിശറി പോലെ പരക്കുന്നു. എന്റെ കണ്ണുകള്‍ പ്രകാശത്തില്‍ മഞ്ഞളിക്കുന്നു.
ചിറകുകള്… തീച്ചിറകുകള്‍… ഞാന്‍ മെല്ലെ കൈ നീട്ടി. സ്വയം വിശ്വസിപ്പിക്കാന്‍ ഒന്ന് തൊട്ടു നോക്കാന്‍.
പിന്നീടു കൈ പിന്‍വലിച്ചു. വിരലുകള്‍ കരിയും… അവന് ഉറക്കെ ചിരിച്ചു.
‘പേടിക്കേണ്ട… തോട്ടോളൂ… ഒന്നും സംഭവിക്കില്ല… ഇത് നിനക്ക് മാത്രമായി എന്റെ പ്രത്യേക സമ്മാനമാണ്. നിന്നോടൊപ്പം മഞ്ഞു പൊഴിയുന്ന ഒരാകാശത്തിലൂടെ പറക്കാന്‍ ഞാന്‍ ഉണ്ടാക്കിയ ചൂടാണിത്’
ഞാന്‍ ഭയമില്ലാതെ കൈ നീട്ടി. തൊട്ടു നോക്കി. വിരലുകള്‍ കരിഞ്ഞില്ല. പകരം പട്ടുപോലെ ഒരൂഷ്മളത.
ചിറകുകള് അവന്റെ ഹൃദയ രക്തത്തില്‍ നിന്നാണ് നിര്‍മ്മിക്കപ്പെട്ടതെന്നു എനിക്കപ്പോള്‍ മനസ്സിലായി.
പിന്നീടെനിക്ക് തീരുമാനം എടുക്കാന്‍ കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല.
‘പെര്‍ഫെക്ട് ഡേറ്റ്’… ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഗ്ലാസ്സിലിരുന്നു ആറിത്തുടങ്ങിയ ചായ അവന് ഒറ്റ വലിപ്പിനു മോന്തി. പിന്നീടു പിന്‍കൈ കൊണ്ട് ചിറി തുടച്ചു. പറാത്ത പൊതിഞ്ഞു പാക്കെറ്റില് ഇടുകയായിരുന്ന സര്‍ദാര്‍ജി ഞങ്ങളെ നോക്കിവെറുതെ ചിരിച്ചു.
പുറത്തു മഞ്ഞ് കട്ട കെട്ടി നില്ക്കുന്നുണ്ടായിരുന്നു.
ഞാനും അവനും പക്ഷെ ഞങ്ങളുടെ മാത്രം തീക്കൂടുണ്ടാക്കുന്ന ചിന്തകളിലായിരുന്നു .
ഇപ്പോള്‍ ഞാനും ഒരു തീപ്പക്ഷി ആയെന്നും നാളെ തീമുട്ടകള് ഇട്ടു അടയിരുന്നു പക്ഷിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കേണ്ട ചുമതല മുഴുവന്‍ എന്റെതായിരിക്കുന്നു എന്നും അപ്പോള്‍ ഏതൊരു സാധാരണ പെണ്ണിനേയുംപോലെ അഭിമാനത്തോടെ ഓര്‍ത്തു ഞാന്‍ കൈ നീട്ടി അവന്റെ വിരലുകളില്‍ പിടിച്ചു.
അവന് പക്ഷെ പറക്കുന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ചിരിച്ചു കൊണ്ട് അവന്റെ വിരലുകളില്‍ നിന്നും വിടാതെ ഞാന്‍ എഴുന്നേറ്റു. മഞ്ഞ് അപ്പോള്‍ മഴയായി മാറി തണുത്തു വിറച്ചു ചന്നം പിന്നം പെയ്യുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: