തിരുവനന്തപുരം: ഇന്ന് നന്മയുടെ തിരുവോണം. മഞ്ഞക്കോടിയും പുതുവസ്ത്രങ്ങളും അണിഞ്ഞ് നാടെങ്ങും ഇന്ന് തിരുവോണത്തെ വരവേല്‍ക്കും. കുട്ടികളും യുവാക്കളും വടവലിയും കമുകില്‍കയറ്റവും നാടന്‍പന്തുകളിയുമായി ഓണക്കളിയിലാകുമ്പോള്‍ തൂശനിലയില്‍ ഉപ്പേരിയും വറ്റലും ഇഞ്ചിക്കറിതൊട്ട് കാളനും തോരനും മൂന്നൂകൂട്ടം സദ്യയുമൊക്കെ ഒരുക്കുന്ന തിരക്കിലാകും വീട്ടമ്മമാര്‍. പെണ്‍കുട്ടികളും യുവതികളും ആഘോഷപ്പൊലിമയില്‍ പങ്കുചേരും. ജാതിമതഭേദമെന്യെ ഗ്രാമങ്ങളിലും വീടുകളും ഇന്ന് ആഹ്ലാദത്തിലാകും. അത്തം തുടങ്ങി പത്തുനാളുകളിലും മനോഹരമായി അലങ്കരിച്ചിരുന്ന അത്തപ്പൂക്കളങ്ങള്‍ ഇന്നു വൈകീട്ട് ഇളക്കും. ഇതാണ് തിരുവോണദിനത്തിലെ പ്രധാന ചടങ്ങും. ഓണത്തപ്പന് അടനിവേദിച്ച് തുമ്പിതുള്ളി അത്തം ഇളക്കുന്നത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളത്തനിമ കുറച്ചു നേരത്തേക്കെങ്കിലും നമ്മളില്‍ നിലനിര്‍ത്തും. ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍ നടക്കും. ശ്രിപത്മാനാഭ സ്വാമിക്ഷേത്രത്തില്‍ രാജഭരണകാലം മുതല്‍ നടന്നുവരുന്ന ഓണവില്ല് ചാര്‍ത്തലും ഇന്ന് നടക്കും. മറ്റ് ക്ഷേത്രങ്ങളില്‍ ഓണക്കോടി ചാര്‍ത്തലും പ്രത്യേക പൂജകളും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: