ആലപ്പുഴ: ഓണക്കാലത്ത് അമിതവേഗക്കാരെ പിടികൂടാന്‍ ക്യാമറാ നിരീക്ഷണം വ്യാപകമാക്കി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നീരീക്ഷണ ക്യാമറകള്‍ക്കൊപ്പം പോലീസ് ഫഌയിങ് സ്‌ക്വാഡുകളും ക്യാമറാ പരിശോധന ശക്തമാക്കുകയാണ്. ഇതോടെ ദിവസേന ക്യാമറയില്‍ കുടുങ്ങുന്നവരുടെ എണ്‌നം ഗണ്യമായി വര്‍ദ്ധിച്ചു.
ഇതില്‍ ഭൂരിഭാഗവും ബൈക്കില്‍ പായുന്ന യുവാക്കളാണ്. ഇരുട്ടില്‍പോലും വളരെ ദൂരത്തുനിന്ന് അമിതവേഗത്തില്‍ പായുന്ന വാഹനങ്ങളുടെ ചിത്രമെടുക്കാന്‍ കഴിയുന്ന അത്യാധുനിക ഇന്‍ഫ്രാറെഡ് സ്പീഡ് റേസര്‍ ക്യാമറകളാണു പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്. അമിതവേഗക്കാര്‍ക്കു പിഴചുമത്തി നോട്ടീസ് അയയ്‌ക്കാന്‍ വേണ്ടി പല ആര്‍ടി ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമില്‍ കൂടുതല്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
നിയമപരിധി വിട്ടുപായുന്ന വാഹനങ്ങളുടെ ഫോട്ടോയും എത്രകിലോമീറ്റര്‍ വേഗത്തിലാണു സഞ്ചരിച്ചതെന്നു രേഖപ്പെടുത്തിയ സ്പീഡോമീറ്റര്‍ പ്രിന്റും സഹിതം വിശദമായ റിപ്പോര്‍ട്ടാണു ക്യാമറകളില്‍നിന്നും ഓണ്‍ലൈന്‍വഴി കണ്‍ട്രോള്‍ റൂമില്‍ എത്തുന്നത്. ഈ വാഹനവുമായി ബന്ധപ്പെട്ട് എന്താവശ്യത്തിന് ആര്‍ടി ഓഫീസില്‍ ചെന്നാലും ഈ കേസുമായി ബന്ധപ്പെട്ട് പിഴ അടയ്‌ക്കാതെ മറ്റു നടപടി ക്രമങ്ങള്‍ക്കു കമ്പ്യൂട്ടര്‍ സമ്മതിക്കാത്ത വിധമാണു സോഫ്റ്റ്‌വേര്‍ ക്രമീകരിച്ചിട്ടുള്ളത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നതു ചേര്‍ത്തല മുതല്‍ അരൂര്‍ വരെയുള്ള ദേശിയപാതയിലാണ്. മീഡിയനുകളിലെ ക്യാമറകളാണു കൂടുതലും അമിതവേഗക്കാരെ കുടുക്കുന്നത്. ജങ്ഷനുകളിലെ കാമറകള്‍ പ്രധാനമായും റെഡ്‌സിഗ്‌നല്‍ അവഗണനയാണു പിടികൂടുന്നത്. മന്ത്രിമാര്‍ മുതല്‍ നൂറുകണക്കിന് ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണ ക്യാമറകളില്‍ കുടുങ്ങിയിട്ടുണ്ട്.
ആലപ്പുഴ മുതല്‍ വടക്കോട്ടുള്ള ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ എറണാകുളം കാക്കനാട്ടെ കണ്‍ട്രോള്‍ റൂമിലാണ് ലഭിക്കുന്നത്. വാഹന നമ്പര്‍ മാത്രമേ നോക്കുന്നുള്ളൂ എന്നതിനാല്‍ സര്‍ക്കാര്‍ വാഹനങ്ങളും മന്ത്രിമാരുടെ ഉള്‍പ്പെടെയുള്ള ഉന്നതരുടെ ഔദ്യോഗിക വാഹനങ്ങളും അമിതവേഗത്തിന്റെ പേരില്‍ ക്യാമറകളില്‍ കുടുങ്ങുന്നുണ്ട്.
പിടിവീഴുന്ന വാഹനങ്ങളുടെ പേരില്‍ നോട്ടീസ് തയാറാകുന്നതോടെ ഓണ്‍ലൈന്‍ വഴി ഈ വിവരം എല്ലാ ആര്‍ടി ഓഫീസുകളിലേയ്‌ക്കും എത്തും.
















