കല്‍പ്പറ്റ:ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍വ്വഹിച്ചു. ആഗസ്റ്റ് 25 മുതല്‍ 31 വരെയാണ് ഓണം വാരാഘോഷം.
സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്ന് 5 ലക്ഷം രൂപയാണ് ഓണം വാരാഘോഷ പരിപാടികള്‍ക്കായി അനുവദിച്ചത്. വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വൈവിധ്യമായ പരിപാടികളാണ് നടത്തുന്നത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പിന്നാക്കം നില്ക്കുന്ന കോളനികളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് വിനിയോഗിക്കും. വിവിധ ട്രൈബല്‍ കോളനികള്‍ കേന്ദ്രീകരിച്ച് ഓണകിറ്റ് വിതരണം, ഓണസദ്യ എന്നിവ നടത്തും. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ഓണത്തെക്കുറിച്ചുള്ള അറിവ് പകരുന്നതിനും ജില്ലയില്‍ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പൂക്കള മത്സരവും മറ്റു പരിപാടികളും സംഘടിപ്പിക്കും.
ഓണം വാരാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ആഗസ്റ്റ് 31 ന് വൈകീട്ട് മൂന്നിന് കല്പറ്റയില് നടക്കും. പരിപാടിയുടെ ഭാഗമായി വര്‍ണ്ണാഭമായ ഘോഷയാത്രയും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. ഓണം വാരാഘോഷം ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സി.ഡി.എസ് മുഖേന നടത്തിയ പൂക്കള മത്സരത്തില്‍ അഞ്ച് ടീമുകള്‍ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്കി.
നഗരസഭാ ചെയര്മാന് പി.പി. ആലി അദ്ധ്യക്ഷനായി. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഉപഡയറക്ടര്‍ അനിത കുമാരി, പ്ലാനിംഗ് ഓഫീസര്‍ ആര്. മണിലാല്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അനുപമന്‍, അഡ്വ. ഐസക്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: