ഭാരതത്തില്‍ പൗരാണികകാലം മുതല്‍ വിവിധതരത്തിലുള്ള സംഗീതം നിലനിന്നിരുന്നു. ദേശിയെന്നും മാര്‍ഗി എന്നും ആയിട്ടാണ് തിരിച്ചിരുന്നത്. വിവിധ ദേശങ്ങളില്‍ നിലനിന്നിരുന്ന വ്യത്യസ്ത തരത്തിലുള്ള സംഗീതം അതിനെയാണ് ദേശി എന്നു വിളിച്ചിരുന്നത്. കേരളത്തില്‍ തന്നെ, പറയസംഗീതം, പുള്ളുവന്‍പാട്ട്, അഷ്ടപദി, കൈകൊട്ടിക്കളി തുടങ്ങിയ നൂറുകണക്കിന് സംഗീത ശാഖകള്‍ നിലനിന്നിരുന്നു. പലതും ഇന്നും തുടരുന്നുമുണ്ട്.
ഋഷികളുടെ സംഗീതത്തെയാണ് മാര്‍ഗിസംഗീതം എന്ന് പറയപ്പെടുന്നത്. ഭാരതത്തില്‍ ഓരോ സംസ്ഥാനത്തേയും ദേശം എന്നുപറഞ്ഞാണ് തിരിക്കപ്പെട്ടിരുന്നത്. അതിനാല്‍ തന്നെയാണ് ഇതിനെ ‘ദേശി’ എന്ന് പറയുവാന്‍ കാരണം എന്നാണ് സാംബമൂര്‍ത്തി പറയുന്നത്. മാര്‍ഗി സംഗീതം വായ്‌പ്പാട്ടാണ്. എന്നാല്‍ ദേശിയാകട്ടെ നൃത്തം, വാദ്യം എന്നിവ കലര്‍ന്നുള്ള സംഗീതമാണ്. മാര്‍ഗി സംഗീതം പുരാതനകാലം മുതല്‍ ഇവിടെ നിലനിന്നുവരുന്നു. അതാകട്ടെ എല്ലായിടവും ഒരുപോലെ നിറഞ്ഞ് നിന്നിരുന്നതാണ്. ഇതില്‍നിന്നെല്ലാം ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണ് ദേശി എന്ന വിഭാഗം എന്നാണ് പണ്ഡിത മതം. കാലാന്തരത്തില്‍ ജനത്തിന് ഇഷ്ടപ്പെടുന്നവിധത്തില്‍ വൈവിധ്യവും വൈരുദ്ധ്യവുമായി കലര്‍ന്ന് വ്യക്തത പ്രാപിച്ചു. അതാണ് ദേശീയ സംഗീതം എന്ന് പറയപ്പെടുന്നത്.
കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഈ വഴിയിലുള്ള ദേശിയില്‍ ഉള്‍പ്പെടുന്നതാണെന്ന് പറയുന്നു. മാര്‍ഗി സംഗീതത്തിനെ അപേക്ഷിച്ച് ദേശിക്കാണ് വേരോട്ടം കൂടുതല്‍ എന്നു ശങ്കിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് വിശ്വാസം. മാര്‍ഗിയാണ് ഇതിന്റെയെല്ലാം കേന്ദ്രബിന്ദു. അതില്‍നിന്നും ഉത്ഭവിച്ച് വിവിധദേശങ്ങളില്‍ വന്നുചേര്‍ന്ന് അവിടുത്തെ ഗ്രാമീണ സ്വഭാവത്തെക്കൂടി കൂട്ടിച്ചേര്‍ത്താണ് ദേശി വളര്‍ച്ച പ്രാപിച്ചത്.
പ്രാദേശിക തലത്തില്‍ എണ്ണമറ്റ സംഗീതശാഖകള്‍ ഉണ്ടായെങ്കിലും കാലാന്തരത്തില്‍ അതിന്റെ ശുദ്ധത നഷ്ടപ്പെട്ടുവരുന്നതായി കാണാം. കാരണം അതെല്ലാം പാരമ്പര്യവഴി പോന്ന് കിട്ടിയ നിധികളാണ്. അതിന് ശാസ്ത്രീയതയുടെ നിഷ്‌കര്‍ഷത കുറവുതന്നെയായിരുന്നു. അതിന് അതിന്റേതായ ഭംഗിയും നിലനിന്നിരുന്നു എന്നുപറയുന്നതില്‍ തെറ്റില്ല. ഒരുതരം ഗ്രാമീണ ഭംഗി. ഇന്ന് അതിലേക്കെല്ലാം ശാസ്ത്രീയത കുടിയേറി കാലങ്ങളായി നിലനിന്നിരുന്നവയെ തുടച്ചുനീക്കപ്പെട്ടു എന്നനുമാനിക്കേണ്ടിയിരിക്കുന്നു. തനിമയെ കളഞ്ഞുകുളിച്ചതിന്റെ ദോഷം നമുക്ക് ഇന്ന് അനുഭവപ്പെടുന്നു. അത് ഭാവിയില്‍ എവിടെ ചെന്ന് ചേരും എന്നതില്‍ ആശങ്കപ്പെടേണ്ടതുണ്ട്.
















