ചങ്ങനാശ്ശേരി: ചാസിന്റെ ഓണം ഖാദി ഫെസ്റ്റ് ശ്രദ്ധേയമാകുന്നു. പാരമ്പര്യ രീതിയിലുള്ള വിവിധ ഖാദി ഗ്രാമീണ ഉല്പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിശീലനവും അവയുടെ ഉല്പ്പാദന കേന്ദ്രങ്ങളും നേരിട്ടുള്ള വിപണന കേന്ദ്രങ്ങളും ഏകോപിപ്പിച്ചിട്ടുള്ള ഒരു ത്രിതല സംവിധാനത്തിലാണ് ചാസിന്റെ ഖാദി പ്രസ്ഥാനം ആസൂത്രണം ചെയ്തിരിക്കുന്നത്.
കേരളത്തിലെ ഒരു പ്രമുഖ ഖാദി സ്ഥാപനമെന്ന നിലയില്‍ ചാസിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വലിയ ദൗത്യത്തിന്റെ ഭാഗമാവുകയാണ്. ചാസ് കോട്ടയത്ത് ശാസ്ത്രി റോഡിലും ചങ്ങനാശ്ശേരി അരമനപ്പടിയിലുമുള്ള ഖാദി ഭവനുകളിലും മല്ലപ്പള്ളിയിലുള്ള ഖാദി പ്ലാസായിലും ഓണത്തോടനുബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെയാണ് ഖാദി ഫെസ്റ്റ് നടത്തുന്നത്. കൈകൊണ്ട് നിര്‍മ്മിക്കുന്ന യഥാര്‍ത്ഥ ഖാദിക്ക് ഉല്പ്പാദനച്ചിലവ് കൂടുന്നതിനാല്‍ വരുന്ന വിലവര്‍ദ്ധനവ് ഉപഭോക്താവിനെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ 30 % റിബേറ്റും ഈ കാലയളവില്‍ നല്‍കുന്നുണ്ട്.
കേരളത്തിനകത്തും പുറത്തുമുള്ള ആയിരത്തിലധികം ഖാദി ഗ്രാമീണ യൂണിറ്റുകളില്‍ നിര്‍മ്മിക്കുന്ന ഗുണമേന്മയുള്ള ഉല്പ്പന്നങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിത വിലയില്‍ ഈ മേളയില്‍ ലഭിക്കും.
ഖാദി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. ഖാദി ഫെസ്റ്റ് 31 ന് സമാപിക്കും.
















