ഇങ്ങനെ സീതാന്വേഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാരംഭമിട്ടുകഴിഞ്ഞപ്പോള്‍ ശ്രീരാമചന്ദ്രന്‍ ഹനുമാനെ രഹസ്യമായി വിളിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. മാരുതി കാര്യം സാധിക്കാന്‍ കഴിവുള്ളവനാണെന്ന് ശ്രീരാമന് തോന്നി. അതില്‍ ഹനുമാന്‍ ശ്രീരാമദൂതനാണന്ന് സീതയ്‌ക്ക് വിശ്വാസം വരുത്തുന്നതിന്നായി രാമന്‍ സ്വനാമാങ്കിതമായ അംഗുലീയം അടയാളമായി ഹനുമാനെ ഏല്പിച്ചു. ഹനുമാന്‍ അതേറ്റുവാങ്ങി. രാമന്റെ കാലില്‍ വണങ്ങി യാത്രപുറപ്പെട്ടു.
വാനരന്മാര്‍ സീതാന്വേഷണം തുടങ്ങി. നാനാദിക്കിലേക്കും പുറപ്പെട്ടവര്‍ പര്‍വതം ഗ്രാമനഗരപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ച് അവരുടെ യാത്ര തുടര്‍ന്നു.
ദക്ഷിണദിശയിലേക്കു പുറപ്പെട്ട അംഗദന്‍, ഹനുമാന്‍, ജാംബവാന്‍ തുടങ്ങിയ വാനരസംഘം നാനാ നഗരങ്ങളും നാടുകളും, കാടുകളും, മേടുകളും, തോടുകളും പാടങ്ങളും കുടികളും, കുടിലുകളും ദരികളും (ഗുഹ) ഗിരികളും ഒന്നുവിടാതെ പരിശോധിച്ചുകൊണ്ട് അവസാനം ഒരു മൈതാനത്തിലെത്തിച്ചേര്‍ന്നു. വളരെ സമയം ഒട്ടുദൂരം അലഞ്ഞുതിരിഞ്ഞ ആ വാനരസംഘം ദാഹിച്ചും തളര്‍ന്നും വിവശരായി.
ജലത്തിന്റെ കണികപോലും അവിടേയോ പരിസരത്തോ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. കാര്യം സാധിക്കാത്ത വിഷമത്തില്‍ മനോധൈര്യം നശിച്ച് ഇനി എന്തു ചെയ്യണമെന്നറിയാതെ ആ സംഘം ചിന്താകുലരും ദുഃഖിതരും ക്ഷീണിതരുമായിത്തീര്‍ന്നു. ഇങ്ങനെ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നാലുപാടും വീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ഗുഹാമുഖത്തുനിന്നും ചെറുപക്ഷികള്‍ ഇയ്യാംപാറ്റകളെപ്പോലെ പറന്നുയരുന്നത് കണ്ടു. അവിടേക്കു ചെന്നു. ഗുഹയില്‍ നിന്നു പറന്ന് പുറത്തുവരുന്ന ചെറു കിളികളുടെ ചിറകില്‍നിന്ന് ജലം ഇറ്റിറ്റുവീഴുന്നതു കണ്ടപ്പോള്‍ ആ ഗുഹക്കകത്ത് വെള്ളമുണ്ടായിരിക്കുമെന്ന് നിര്‍ണ്ണയിച്ച് അതിലേക്ക് പ്രവേശിച്ചു.
വളരെ ദൂരം വളഞ്ഞും പുളഞ്ഞും സഞ്ചരിച്ചശേഷം അവര്‍ സുന്ദരവും വിശാലവുമായ ഒരു ഉദ്യാനത്തില്‍ എത്തിച്ചേര്‍ന്നു. ഒരാള്‍ക്കുപിറകെ മറ്റൊരാള്‍ എന്ന വിധത്തില്‍ ഇഴഞ്ഞരിച്ചാണ് അവര്‍ അവിടെ എത്തിപ്പെട്ടത്. ഹനുമാനാണ് ആദ്യം ഗുഹയിലേക്കിറങ്ങിയത് പിന്നാലെ മറ്റുള്ളവരും ഇറങ്ങി. കണ്ണുകാണാന്‍ പറ്റാത്തവിധത്തില്‍ ഇരുളിലാണ്ട ആ ഗുഹയിലേക്ക് പരസ്പരം കൈപിടിച്ച് ഒരാള്‍ക്കു പിന്നില്‍ മറ്റൊരാള്‍ എന്ന നിലയില്‍ ഉറുമ്പുകളെപ്പോലെ അവര്‍ സഞ്ചരിച്ചാണ് എത്തിച്ചേര്‍ന്നത്. ജീവിതത്തില്‍ എന്തെങ്കിലും കണ്ടെത്തുന്നതിന്ന് വേണ്ടിയുള്ള യാത്രയില്‍ ഇരുട്ടിലൂടെ കടന്നുപോകേണ്ട ഒരു ഘട്ടം തീര്‍ച്ചയായും അനുഭവിക്കേണ്ടതായി വരും.
















