വേദത്തിന്റെ ഒരുശാഖയാണിത്. ബഹ്മമുഖത്തില്‍ നിന്നുത്ഭവിച്ചതും അപൗരുഷേയവുമായ വേദത്തെ വേണ്ടവിധത്തില്‍ വിഭജിക്കുവാന്‍ വേദവ്യാസന്‍ നിശ്ചയിച്ചു. അതിനുപാകത്തിനുള്ള ശിഷ്യരേയും കണ്ടെത്തി. വേദവിഭജനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. അങ്ങനെ പുതിയ വേദശാഖ ഉദ്ഭവിച്ചു. അതില്‍പ്പെട്ട ഒന്നാണ് തൈത്തരീയം.
ഇതാവട്ടേ യാജ്ഞവല്‍ക്യനില്‍ നിന്ന് ഉണ്ടായതത്രേ. യാജ്ഞവല്‍ക്യനാവട്ടെ വൈശമ്പായനന്റെ ശിഷ്യനാണ്. മഹാമേരു പര്‍വതത്തില്‍ വച്ച് നടക്കുന്ന ബഹ്മസമാജത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നാണ് നിബന്ധന. പങ്കെടുക്കാത്തവര്‍ക്ക് കനത്തശിക്ഷയും വിധിച്ചിരുന്നു. ത്രികാലജ്ഞാനികളായ മുനിമാരാണ് ശിക്ഷനല്‍കുക. ഒരിക്കല്‍ യാജ്ഞവല്‍ക്യന് ഒരസൗകര്യംവന്ന് സമാജത്തിനെത്തിയില്ല. ശിക്ഷലഭിച്ചത് ബ്രഹ്മഹത്യാ പാപം. അതിന് പരിഹാരം നിര്‍ദേശിക്കുവാന്‍ പറഞ്ഞപ്പോള്‍ പ്രത്യേക വ്രതം ആചരിക്കേണ്ടി വരുമെന്ന് പറഞ്ഞു.
”ഓ എനിയ്‌ക്ക് എന്തുവ്രതം ആചരിയ്‌ക്കാനും പ്രയാസമില്ല. അതിനുള്ള മാഹാത്മ്യം എനിയ്‌ക്കുണ്ട്. അതൊക്കനിഷ്പ്രയാസവുമാണെന്ന് തുറന്ന് പറഞ്ഞു. ശിഷ്യന്റെ ആത്മപ്രശംസ ആ ഗുരുവിന് പിടിച്ചില്ല. പകര്‍ന്നുതന്ന വിദ്യകളെല്ലാം ഗുരുനാഥന്‍തന്നെ തിരിച്ചുചോദിച്ചു. യാജ്ഞവല്‍ക്യന്‍ സ്വശക്ത്യാല്‍ പഠിച്ചതെല്ലാം മൂര്‍ത്തരൂപത്തിലാക്കി വെളിയില്‍ വച്ചശേഷം നടന്നുനീങ്ങി. ഇതുകണ്ടുനിന്നമുനിമാര്‍ തിത്തരീയ പക്ഷികളായിവന്ന് അവകൊത്തിത്തിന്നു. തിത്തരീയത്തെ സംബന്ധിച്ചത് എന്നതിനാലാണ് തൈത്തരീയം എന്നപേരുവന്നത്.
















