കുറുപ്പംപടി: ഓടയ്‌ക്കാലിക്ക് സമീപം വിനീര്‍ കമ്പനിയില്‍ അന്യസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ 16ഓളം പ്രതികള്‍ പിടിയില്‍.
ഓടയ്‌ക്കാലിയില്‍ കുന്നത്താന്‍ കുഞ്ഞുമോന്‍ എന്നയാള്‍ വാടകയ്‌ക്കെടുത്ത് നടത്തുന്ന സ്ഥാപനത്തില്‍ മോഷണത്തിനിടെയാണ് അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മോഷണശ്രമത്തിനിടയില്‍ മോഷ്ടാവിനെ കയ്യോടെ പിടികൂടി കമ്പിനടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ തലയ്‌ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവുണ്ട്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. മര്‍ദ്ദിച്ചശേഷം മരണം ഉറപ്പായപ്പോള്‍ പ്രതികള്‍ നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. സംഭവം നടന്നപ്പോള്‍ തന്നെ കമ്പനി ഉടമയെ അറിയിച്ചതായും പറയപ്പെടുന്നു.
ഇതേ സമയം തന്നെ തൊട്ടടുത്ത ചില വീടുകളില്‍ മോഷണം നടന്നതായും നാട്ടുകാര്‍ പറഞ്ഞു. കുറുപ്പംപടി സിഐ ജെ.കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
















