അതിപ്രാചീനകാലത്താണ് സംഗീതത്തെപ്പറ്റി ചിന്തകള്‍ തന്നെ രൂപംകൊണ്ടത്. ശബ്ദ ഭാവഹാവാദികള്‍ എന്നിവയോടെ ആശയപ്രകടനം നടത്തുന്നതിന് മനുഷ്യന് സാധിച്ചു. മനുഷ്യശരീരത്തിലെ ഹൃദയം, ശ്വാസകോശം എന്നിവയുടെ ക്രമം തെറ്റാതെയുള്ള താളക്രമത്തിലുള്ള ചലനം, താളബോധത്തിന്റെ ആദ്യപാഠമായിരിക്കാം.
പ്രകൃതിയില്‍നിന്നും കേള്‍ക്കുന്ന സംഗീതം, പക്ഷികളുടെ കളകൂജനം, മുളങ്കാടിനകത്തുനിന്നും കാറ്റടിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂളംവിളി, വന്യമൃഗങ്ങളുടെ ശബ്ദം, വെള്ളച്ചാട്ടം, കാറ്റ് എന്നിവ മനുഷ്യന്റെ സംഗീതം ആസ്വദിക്കാനുള്ള ബോധം, ത്വര, ശക്തി എന്നിവ പ്രവൃദ്ധമായി വളര്‍ത്തിക്കൊണ്ടുവന്നു. മനുഷ്യ മസ്തിഷ്‌ക വളര്‍ച്ചയുടെ തോതനുസരിച്ച് മാധുര്യമാര്‍ന്ന സ്വരം കേട്ടാസ്വദിക്കുവാനുള്ള ചെവികളുടെ കഴിവും വിശേഷബുദ്ധിയും അനുദിനം വളര്‍ന്നു. അതോടെ മനുഷ്യമനസ്സിന് വികാസം വന്നുചേര്‍ന്നു എന്നാണ് ഇതേപ്പറ്റിയുള്ള പഠനത്തില്‍നിന്നും തെളിയുന്നത്.
സംഗീതത്തെ അറിയുന്നതിനുള്ള കഴിവിനേയും മനുഷ്യന് പ്രോത്സാഹിപ്പിക്കാനായി.
നൃത്തം, സംഗീതം, കവിത എന്നിവ ഒന്നായി ആരംഭിച്ചിരിക്കാമെന്നാണ് അനുമാനം. ഈശ്വരോപാസനയ്‌ക്കുള്ള പൂജാദികര്‍മങ്ങള്‍ക്കൊപ്പം പശ്ചാത്തലത്തില്‍ സംഗീതവും നാദവും ഉരുത്തിരിഞ്ഞു. മന്ത്രം തോന്നുംപോലെ ഉരുക്കഴിക്കുന്നത് കേട്ട് കുറേ നേരം നില്‍ക്കുവാന്‍ കഴിയാതെ വന്നനേരത്താണ് മേല്‍സ്ഥായിയിലും കീഴ്സ്ഥായിയിലും ഉച്ചരിക്കാന്‍ തുടങ്ങിയത്. ഈ മാറ്റം അനുഭൂതി നിറഞ്ഞതായിത്തീര്‍ന്നു. വേദകാലട്ടത്തിലാണ് സംഗീതം വളര്‍ന്ന് വികാസം പ്രാപിക്കാന്‍ തുടങ്ങിയത്. സാമവേദത്തിന്റെ ചൊല്ലലാണ് സാമഗാനം തന്നെയാണ് സംഗീതത്തിന്റെ ഉറവ.
ഉദാത്തം, അനുദാത്തം എന്നിങ്ങനെ രണ്ട് വ്യത്യാസമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. മധ്യസ്ഥായി ഉദാത്തവും കീഴ്സ്ഥായി അനുദാത്തവുമാണ്. ഇവയുടെ ഇടയിലുള്ളതാണ് സ്വരിതം ഉത്ഭവിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍നിന്നാണ് സപ്തസ്വരം എന്നതിലേക്ക് ശ്രദ്ധ തിരിച്ചത്.
നല്ല സംഗീതം അഥവാ സമ്യക്കാവുന്ന സംഗീതം എന്നതിനാലാണ് സംഗീതം എന്ന പേര് വന്നുചേര്‍ന്നത്. ഇവയെല്ലാം നിലനിന്നത് ഋഗ്വേദകാലഘട്ടത്തില്‍ തന്നെയാണ്. ഏറ്റവും താണസ്ഥായി ‘നി’ മധ്യസ്ഥായി ‘സ’ സ്വരിതവും അടുത്ത മേലെയുള്ള സ്വരത്തില്‍നിന്ന് ‘രി’ ഇങ്ങനെ ആദി സംഗീതം നിസരി എന്നീ മൂന്ന് സ്വരത്തെപ്പറ്റി ബോധവാന്മാരായി.
തുടരും
















